മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും തീവ്രവാദിയുമായ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഭോപ്പാലിലെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണക്കേസ് പ്രതിയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്കയക്കുന്നു എന്ന് താരം ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ത്യയില്‍ പുതിയ തുടക്കങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അതില്‍ സന്തോഷമുണ്ട് … ആദ്യമായി ഒരു ഭീകരാക്രമണ കേസിലെ പ്രതിയെ നമ്മള്‍ ലോക്‌സഭയിലേക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെയാണ് പാകിസ്ഥാനെ കുറ്റപ്പെടുത്താനാവുക?’ സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു.

പാകിസ്ഥാനില്‍ ഭീകരവാദി ഹാഫിസ് സെയ്ദിന്റെ പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ എല്ലാം തോല്‍പിച്ച് പാക് ജനത ജാഗ്രത കാട്ടുന്നു. എന്നാല്‍ ഇന്ത്യയാകട്ടെ ഭീകരവാദികളെ വോട്ട് നല്‍കി വിജയിപ്പിച്ച് അഭിമാനപൂര്‍വം പാര്‍ലമെന്റിലേക്കയക്കുകയാണ് ചെയ്യുന്നത്. പാകിസ്ഥാനെ ഇനി എന്തുപറഞ്ഞ് കുറ്റപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയരുന്നുണ്ട്.

ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങിനെ മൂന്നര ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രഗ്യാ സിങ് തോല്‍പിച്ചത്. അറുപത് ശതമാനത്തിലേറെ വോട്ടുവിഹതം നേടിയ ഈ വിജയം ജനാധിപത്യ ഇന്ത്യയില്‍ ആശ്ചര്യം ഉളവാക്കുന്നതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവാദ പ്രസ്താവനകള്‍ കൊണ്ട് കളം നിറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു പ്രഗ്യാ സിംഗ് താക്കൂര്‍. മലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തിലിറങ്ങി പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പിയുടെ ഉദ്ദേശശുദ്ധി തെരഞ്ഞെടുപ്പില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായിരുന്നു. കൂടാതെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പരാമര്‍ശത്തില്‍ ഇവര്‍ക്ക് മാപ്പ് പറയേണ്ടിയും വന്നിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരെ സധൈര്യം നേരിട്ടതിന് രാജ്യം അശോക ചക്ര നല്‍കി ആദരിച്ച ഹേമന്ദ് കര്‍ക്കറെയെ താന്‍ ശപിച്ചിരുന്നുവെന്ന പ്രസ്താവനയും ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലൊരാള്‍ എങ്ങനെ ജയിച്ചുകയറിയെന്നതും ദുരൂഹമാണ്. തീവ്രവാദക്കേസിലെ പ്രതിയെ പോലും ജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് എത്തിക്കുന്നതിലെ ആശങ്കയും വിവിധ കോണുകളില്‍ ഉയരുന്നുണ്ട്.