മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്നലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡല്‍ഹി ആര്‍മി റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അറിയിച്ചു.

‘ഇന്നലെ മുതല്‍ പ്രണബ്മുഖര്‍ജിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ശ്വാസകോശ അണുബാധ അധികരിച്ചതാണ് ആരോഗ്യനില തീര്‍ത്തും വഷളാകാന്‍ കാരണം.’, ആര്‍മി റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറെ നാളുകളായി പ്രണബ് മുഖര്‍ജി കോമയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.