ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ ഇന്ന് സുപ്രീംകോടതി വിധിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശത്തിലൂടെ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

മാപ്പുപറഞ്ഞാല്‍ നടപടികള്‍ അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് ഭൂഷണിനെ ജയിലിലേക്ക് അയച്ച രക്തസാക്ഷിയാക്കരുതെന്നായിരുന്നു അഭിഭാഷകന്‍ രാജീവ് ധവാന്റെ അഭിപ്രായം.

കോടതിയലക്ഷ്യ കേസില്‍ പരമാവധി ശിക്ഷ ആറുമാസത്തെ ജയില്‍വാസമാണ്. പരമാവധി ശിക്ഷ നല്‍കാന്‍ കോടതി തീരുമാനിച്ചാല്‍ പ്രശാന്ത് ഭൂഷണിന് ആറുമാസം ജയിലില്‍ കിടക്കേണ്ടിവരും. അറ്റോര്‍ണി ജനറല്‍ ഉള്‍പ്പടെ ആവശ്യപ്പെട്ട സാഹചര്യത്തില്‍ താക്കീത് നല്‍കി കേസ് അവസാനിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്.