കോഴിക്കോട്: കേരള പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന ത്രിദിന പഠന പരിശീലന ശിബിരം ഇകാമ-2017 വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ 23,24,25 തീയതികളില്‍ നടക്കും. സോഷ്യല്‍ എഞ്ചിനീയറിങ് ട്രെയിനിങ് ആയി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രൊഫഷനല്‍ ട്രെയിനര്‍മാര്‍ ക്ലാസുകള്‍ നയിക്കും. 22ന് നടക്കുന്ന ദേശീയ മാധ്യമ സെമിനാറില്‍ അന്താരാഷ്ട്ര പ്രശസ്തരായ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സമകാലീന ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അക്രമങ്ങളെ ചര്‍ച്ചാവിധേയമാക്കും. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അക്രമങ്ങളെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനം ഭീഷണിയിലായ സാഹചര്യത്തില്‍ നടക്കുന്ന സെമിനാറില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ ട്രഷററുമായ സബീനാ ഇന്ദ്രജിത് മുഖ്യാതിഥിയായി പങ്കെടുക്കും. പികെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. ഇടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷനാകും.
ഹൈദരാബാദില്‍ നിന്നുള്ള നിഖില ഹെന്‍ട്രി, തെഹല്‍ക്കയിലെ അസദ് അഷ്‌റഫ്, ദളിത് ആക്ടിവിസ്റ്റ് സുധിബ്‌തോ മണ്ഡല്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
23ന് നടക്കുന്ന കേരള പ്രവാസി ലീഗ് എക്‌സിക്യൂട്ടിവ് ക്യാമ്പ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉത്‌ബോധനം നടത്തും.
പഠന പരിശീലന ശിബിരത്തിന്റെ സമാപന ദിവസം നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധത തന്നെയാണ് രാജ്യസ്‌നേഹം എന്ന വിഷയത്തിലുള്ള സാംസ്‌കാരിക സദസ്സ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മുഖ്യാതിഥിയാകും. പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി കുല്‍സു അധ്യക്ഷയാകും. കെഎന്‍എ ഖാദര്‍, സികെ അബ്ദുല്‍അസീസ്, അഡ്വ.കെഎസ് മാധവന്‍, മുഹ്്‌സിന അഷ്‌റഫ്, പിഎം സാദിഖലി, കെ.അബൂബക്കര്‍ പ്രസംഗിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് എസ്.വി അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കോട്ടക്കല്‍, ഡയറക്ടര്‍ കെ.സി അഹമ്മദ്, കോ-ഓഡിനേറ്റര്‍ കെ.പി ഇമ്പിച്ചി മമ്മുഹാജി സംബന്ധിച്ചു.