കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പായ ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് മൈനോരിറ്റി) അപേക്ഷയില്‍ രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് അപേക്ഷിക്കാന്‍ ഇത്തവണയും അവസരം. രാജ്യമാകെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് ഈ വര്‍ഷവും ഇത്തരത്തില്‍ അവസരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷവും അവസരം നല്‍കിയിരുന്നു. കുട്ടിയുടെ ആധാറിലെ പേരും ബാങ്ക് പാസ്ബുക്കിലെ വിവരവും ഒന്നാണെങ്കില്‍ മാത്രമായിരുന്നു ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇത്തവണ രക്ഷിതാവിന്റെ അക്കൗണ്ട് വിവരം ചേര്‍ത്ത് അപേക്ഷ സമര്‍പ്പിക്കാനാവുന്നതോടെ കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിനായുള്ള നെട്ടോട്ടം അവസാനിപ്പിക്കാം. ഒരു രക്ഷിതാവിന്റെ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് ചേര്‍ത്ത് അപേക്ഷിക്കാനാവുക.

വരുമാന സര്‍ട്ടിഫിക്കറ്റിനോടൊപ്പം കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കി:

വരുമാന സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വരുന്നതിന് മുമ്പായി സംസ്ഥാനത്ത് പ്രധാന അധ്യാപകര്‍ മുഖേന വരുമാന സര്‍ട്ടിഫിക്കറ്റ് കരുതിവെക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇറക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സ്‌കൂളില്‍ വാങ്ങി സൂക്ഷിക്കണമെന്ന് പറയുന്നു. കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍, മാര്‍ക്ക് ലിസ്റ്റ്, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സ്‌കൂളുകളില്‍ സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ നിന്ന് അറിയിച്ചു.

അതിനിടെ അപേക്ഷ സൈറ്റില്‍ അവസാനഭാഗത്ത് കാണുന്ന ഫോം പൂരിപ്പിച്ച് ഫോട്ടോ പതിച്ച്, പ്രഥമ അധ്യാപകന്‍ സാക്ഷ്യപ്പെടുത്തി, ശേഷം സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യാന്‍ ചില അക്ഷയ കേന്ദ്രങ്ങളും വിദ്യാലയങ്ങളും രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ആധാര്‍ ഇല്ലാത്തവര്‍, അന്യസംസ്ഥാനത്ത് നിന്ന് വന്ന് പഠിക്കുന്നവര്‍ മാത്രമായി ചെയ്യേണ്ടതാണിത്.

പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്:

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സഹായകരമായ ആപ്പ് ആന്‍ഡ്രോയിഡ് ഫോണുകളിലെ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് വീട്ടില്‍ നിന്ന് തന്നെ ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ അയക്കാനാവും.