നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനിമുതല്‍ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ ചെയ്യില്ലെന്നും ലൈംഗിക കുറ്റവാളിയായി അഭിനയിക്കാന്‍ മടിയൊന്നുമില്ലെന്നുമുള്ള പരാമര്‍ശവുമായി നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഇതിനെപ്പറ്റി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയും വിവാദങ്ങളും കൊഴുത്തപ്പോള്‍ പരാമര്‍ശത്തിന് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. ഇന്ത്യാ ഗ്ലിറ്റ്സിന്റെ റെഡ് കാര്‍പ്പെറ്റ് അഭിമുഖത്തിലാണ് പൃഥിരാജ് മനസ്സ് തുറന്നത്.

‘സിനിമയില്‍ ഒരു ലൈംഗിക കുറ്റവാളിയെ അവതരിപ്പിക്കാന്‍ എനിക്ക് മടിയൊന്നുമുണ്ടാവില്ല. കാരണം ഒരു നടന്‍ എന്നനിലയില്‍ എന്റെ മാധ്യമമാണ് അത്. ഒരു നടനെന്ന നിലയില്‍ എന്നെ ആവേശപ്പെടുത്തുന്ന സിനിമകള്‍ ഞാന്‍ ചെയ്യും. പക്ഷേ അത്തരം കാര്യങ്ങളെ ഉദാത്തവല്‍ക്കരിക്കുന്ന സിനിമകള്‍ ഞാന്‍ ചെയ്യുകയുമില്ലെന്ന്പൃഥ്വി വ്യക്തമാക്കി’. ഒരു കുറ്റവാളിയുടെ ഭാര്യയോട് മോശമായി പെരുമാറുന്ന ‘ആന്റണി മോസസി’നെ ഞാന്‍ അവതരിപ്പിക്കില്ലെന്ന് താരം മുമ്പ് അഭിനയിച്ച സിനിമയായ ‘മുംബൈ പൊലീസി’നെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സ്ത്രീവിരുദ്ധ കഥാപാത്രങ്ങളില്‍ ഇനിമുതല്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി താരം എത്തുകയായിരുന്നു. പ്രമുഖ താരങ്ങളെല്ലാം നിശബ്ദമായിരിക്കുമ്പോഴാണ് പൃഥ്വിയുടെ പ്രതികരണം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് ചര്‍ച്ചയായപ്പോഴാണ് നടന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.