ബ്ലെസ്സിയുടെ ‘ആടുജീവിതം’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. പ്രവാസ ജീവിതത്തിന്റെ അസാധാരണ കഥ പറയുന്ന  ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനാവേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയാണ് താരം തന്നെ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം.

image

ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ചിത്രത്തിന് ഡേറ്റ് നല്‍കിയിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. അതിന്റെ ഇടവേളകളില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ലൂസിഫര്‍ ചെയ്യും. കുറച്ചുദിവങ്ങള്‍ക്കു മുമ്പ് ബ്ലെസ്സിയെ കണ്ടിരുന്നുവെന്നും വാര്‍ത്തകളുടെ ഉറവിടം ശരിയല്ലെന്നും താരം പറഞ്ഞു. നേരത്തെ സംവിധായകന്‍ ബ്ലെസ്സിയും വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. പിന്‍മാറിയെന്നുള്ളത് വ്യാജ പ്രചാരണമാണെന്ന് ബ്ലെസ്സി പറഞ്ഞു.

ചിത്രത്തിന് വേണ്ടി ശരീരഭാരം കുറക്കേണ്ടി വരുമെന്നതും തിരക്കുമാണ് പിന്‍മാറാന്‍ കാരണമെന്നാണ് പ്രചരിച്ചിരുന്നത്. നേരത്തെ വിക്രമിനെ നായകനാക്കാന്‍ ശ്രമിച്ചെങ്കിലും പൃഥ്വിരാജിനെ തന്നെ പരിഗണിക്കുകയായിരുന്നു. ചിത്രം 2018-ല്‍ പൂര്‍ത്തിയാകും.