വാഷിങ്ടന്‍: ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കോവിഡ് വ്യാപനത്തെ തടയുമെന്ന അവകാശവാദമുമായി ശാസ്ത്രജ്ഞന്‍. വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഉഗുര്‍ സഹിനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ‘ഈ വാക്‌സിന്‍ ഉപയോഗിച്ച് കോവിഡിനെ തടയാനാകുമോയെന്നാണ് ചോദ്യമെങ്കില്‍ എന്റെ മറുപടി സാധിക്കും എന്നാണ്’ അദ്ദേഹം പറഞ്ഞു.

‘ശരീരത്തിലെ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നതിന് വാക്‌സീന്‍ തടസം സൃഷ്ടിക്കും. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ടി സെല്ലുകള്‍ അവയെ തകര്‍ക്കും. വൈറസിനെ തടയാന്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. ഇതിനെതിരെ പ്രതിരോധിച്ചു നില്‍ക്കാന്‍ വൈറസിനു സാധിക്കില്ലെന്നു ബോധ്യമുണ്ട്.’ ഉഗുര്‍ സഹിന്‍ വ്യക്തമാക്കി.

കോവിഡിന് എതിരെ വികസിപ്പിച്ചെടുത്ത വാക്‌സീന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നു ഫൈസര്‍ നേരത്തെ അറിയിച്ചിരുന്നു. ജര്‍മന്‍ പങ്കാളിയായ ബയോടെക്കുമായി ചേര്‍ന്ന് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സീന് ഗൗരവമേറിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ലെന്നും അടിയന്തര ഉപയോഗത്തിനായി യുഎസ് അധികൃതരുടെ അനുമതി ഈ മാസം തന്നെ തേടുമെന്നും ഫൈസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വാക്‌സിന്‍ എത്രകാലമാണ് പ്രതിരോധം നല്‍കുക എന്ന കാര്യത്തില്‍ പക്ഷേ വ്യക്തതയായിട്ടില്ല. ഒരുവര്‍ഷം സംരക്ഷണം കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.