X

ഫിഫ ലോകകപ്പില്‍ നിന്ന് ഖത്തര്‍ പ്രതീക്ഷിക്കുന്നത് 1700 കോടി ഡോളര്‍

അശ്‌റഫ് തൂണേരി

ദോഹ: ലോകകപ്പില്‍ നിന്ന് ലാഭമായി ഏകദേശം 17 ബില്യണ്‍ ഡോളര്‍ (1700 കോടി ഡോളര്‍) ആണ് ഖത്തര്‍ പ്രതീക്ഷിക്കുന്നതെന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സി.ഇ.ഒ നാസര്‍ അല്‍ഖാതര്‍ പറഞ്ഞു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണച്ചെലവിന്റെയും ചെലവ് 8 ബില്യണ്‍ (എണ്ണൂറ് കോടി) ഡോളറില്‍ എത്തിയിട്ടുണ്ട്. ഇത് മുന്‍ ലോകകപ്പുകളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

”ഇതിനര്‍ത്ഥം ഖത്തര്‍ ചെലവിന്റെ ഇരട്ടി വരുമാനം നേടുമെന്നും ടൂര്‍ണമെന്റിനിടയിലും ശേഷവും ഖത്തര്‍ എല്ലാ അര്‍ത്ഥത്തിലും ലോകകപ്പിന്റെ ഫലം കൊയ്യുമെന്നും തന്നെയാണ്.” നാസര്‍ അല്‍ഖാതര്‍ എടുത്തുപറഞ്ഞു.

ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണാനും ഖത്തറിന്റെ സംസ്‌കാരം അടുത്തറിയാനും ദോഹയിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണവും ഖത്തറിന് പുറത്ത് നിന്ന് ലോകകപ്പിനെ പിന്തുടരുന്നവരുടെ എണ്ണവും റെക്കോര്‍ഡ് തലത്തിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഫിഫ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ലോകമെമ്പാടുമുള്ള 300 മുതല്‍ വരെ 400 വരെ കോടി ജനങ്ങള്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തര്‍ ഫിഫ ലോകകപ്പ് 2022 കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ പൂര്‍ണ്ണസജ്ജമാണ് ഖത്തര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഖത്തറിലെത്തുന്ന വന്‍ജനവിഭാഗങ്ങളെസ്വീകരിക്കാന്‍ ഖത്തര്‍ എത്രത്തോളം തയ്യാറാണെന്നുള്ള ചോദ്യത്തിന് അല്‍ഖാതര്‍ മറുപടി പറഞ്ഞു.

ലോകകപ്പ് വേളയില്‍ പത്തുലക്ഷത്തോളം പേര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷ. വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള 12,000 പേര്‍ ഉള്‍പ്പെടെയാണിത്. അവര്‍ക്കായി ഖത്തര്‍ കാത്തിരിക്കുകയാണ്. അക്രഡിറ്റഡ് അല്ലാത്ത ചില മാധ്യമ പ്രൊഫഷണലുകളേയും ലോകകപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന്റെ അനുബന്ധ പരിപാടികള്‍ അവര്‍ കവര്‍ ചെയ്യും. സാമൂഹിക മാധ്യമങ്ങളിലൂടെ പേരെടുത്തവരും പങ്കെടുക്കും. നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍മാര്‍ ലോകപ്പിനെത്തുന്നുണ്ടെന്നും അല്‍ഖാതര്‍ വിശദീകരിച്ചു.

web desk 3: