ദോഹ: കറന്‍സികള്‍ പുതുക്കി വിനിമയത്തിലിറക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം. ഖത്തര്‍ റിയാലിന്റെ അഞ്ചാം പതിപ്പാണ് പുറത്തിറക്കുന്നത് എന്ന് കേന്ദ്രബാങ്ക് അറിയിച്ചു. കൂടുതല്‍ സുരക്ഷാ പ്രത്യേകതകളുള്ള കറന്‍സിയാകും പുറത്തിറക്കുക.

ഞായറാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാകും പുതിയ കറന്‍സികള്‍ അവതരിപ്പിക്കുക. ഡിസംബര്‍ പതിനെട്ടിലെ ദേശീയ ദിനത്തിന്റ ഭാഗമായാണ് ഖത്തര്‍ പുതിയ ഡിസൈനിലുള്ള കറന്‍സികള്‍ പുറത്തിറക്കുന്നത്.

ഒന്ന്, അഞ്ച്,10 100, 500 എന്നിങ്ങനെ അഞ്ച് കറന്‍സികളാണ് ഖത്തറില്‍ നിലവിലുള്ളത്. ഈ അഞ്ച് നോട്ടുകള്‍ക്കും ഞായറാഴ്ചയോടെ പുതിയ രൂപം കൈവരും.

1966 വരെ ഖത്തറുള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ രൂപയായിരുന്നു വിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. പിന്നീട് 1973ലാണ് ഖത്തര്‍ സ്വന്തം കറന്‍സിയെന്ന രൂപത്തില്‍ ഖത്തരി റിയാല്‍ അച്ചടിച്ചുതുടങ്ങിയത്. പിന്നീടിതുവരെ നാല് തവണ പുതുക്കിയിറക്കിയിട്ടുണ്ട്. 2003ലാണ് അവസാനമായി പുതുക്കിയത്.