ദോഹ: ഖത്തര്‍ ജനസംഖ്യാ നയം 2017-2022നു തുടക്കമായി. 2017 ഖത്തരി ജനസംഖ്യാ ദിനാചരണത്തോട് അനുബന്ധിച്ച് സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഖത്തറിന്റെ ജനസംഖ്യാ നയം 2017-2022 ന്റെ കാര്യക്ഷമമായ നടപ്പാക്കലിലേക്ക് എന്ന പ്രമേയത്തിന്‍ കീഴില്‍ തയാറാക്കിയിരിക്കുന്ന പുതിയ നയത്തില്‍ ഉയര്‍ന്ന നിരക്കിലുള്ള ജനസംഖ്യാ വളര്‍ച്ചയുടെ നിയന്ത്രണം, ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ കുറക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. മന്ത്രിസഭായോഗത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് നയം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത് ദേശീയ വികസന നയം 2017-2022ന് അനുസൃതമായിട്ടാണ് ജനസംഖ്യാ നയവും തയാറാക്കിയിരിക്കുന്നത്. രണ്ടാം പഞ്ചവല്‍സര ദേശീയ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രി ഡോ.സലേഹ് ബിന്‍ മുഹമ്മദ് അല്‍ നാബിത് പറഞ്ഞു.
ഏറ്റവും ഫലപ്രദമായ തരത്തില്‍ ജനസംഖ്യാ നയം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജനസംഖ്യാ വര്‍ധന, തൊഴില്‍ ശക്തി, നഗരവളര്‍ച്ച എന്നിവയിലൂന്നി പുതിയ നയം നടപ്പാക്കുന്നതിനെക്കുറിച്ച് ജനസംഖ്യാദിനാചരണപരിപാടിയില്‍ ചര്‍ച്ച ചെയ്തു. ഒന്നാം ജനസംഖ്യാ നനയയത്തിന്റെ സമഗ്രമായ വിലയിരുത്തലുകളും ഫലപ്രാപ്തിയുടെ പരിശോധനയും നടത്തിയശേഷമാണ് പുതിയ നയം തയാറാക്കിയിരിക്കുന്നത്.
രണ്ടുവര്‍ഷത്തെ സമഗ്രമായ വിലയിരുത്തല്‍ ശ്രമങ്ങളുടെ ഫലമാണ് പുതിയ നയമെന്ന് ഡോ. അല്‍നാബിത് വിശദീകരിച്ചു. ഒന്നാം നയത്തിന്റെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞും ജനസംഖ്യാപരമായി രാജ്യത്തിന്റെ ഭാവിക്ക് ഗുണകരമാകുന്ന തരത്തിലും ഖത്തറിന്റെ ഭാവി ജനസംഖ്യാ വീക്ഷണത്തെ രൂപപ്പെടുത്തുന്നതിനും സഹായമാകുന്നതാണ് പുതിയനയം. വിവരാധിഷ്ടിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെയ്പ്പിനും നയം സഹായകമാകും. ഒപ്പംതന്നെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ വൈദഗ്ധ്യവും ഉത്പാദനക്ഷമതയുമുള്ള തൊഴിലാളികളുടെ സാന്നിധ്യവും ഉറപ്പാക്കും. മികച്ച വൈദഗ്ധ്യമുള്ള ദേശീയ തൊഴില്‍ ശക്തി രൂപീകരിക്കുന്നതിനൊപ്പം പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത തൊഴില്‍ മന്ത്രി ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി അല്‍നുഐമി ചൂണ്ടിക്കാട്ടി.