ദോഹ: രാജ്യത്തെ തെരുവുകളും റേഡുകളിലെ വശങ്ങളും ഭിത്തികളും വൃത്തികേടാക്കുന്നതിനെതിരെ ക്യാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. അംഗീകാരമില്ലാതെ റോഡ് ഭിത്തികളില്‍ വര്‍ണചായങ്ങള്‍ പൂശുന്നതിനും ഗ്രാഫിറ്റി ഉള്‍പ്പടെയുള്ള കലാരൂപങ്ങള്‍ വരയ്ക്കുന്നതിനും വിലക്കുണ്ട്. തെരുവുകളെ ദൃശ്യമലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അപരിഷ്‌കൃതമായ പെരുമാറ്റത്തെ നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍.

ഭിത്തികളില്‍ എഴുതുകയെന്നത് നമ്മുടെ സംസ്‌കാരത്തിനും പരമ്പരാഗത മൂല്യങ്ങള്‍ക്കും വിരുദ്ധവും നിരോധിച്ചതുമായ കാര്യമാണെന്ന് മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നു. തെരുവുകളിലെയും റോഡുകളുടെയും ഭിത്തികളില്‍ കളറുകള്‍കൊണ്ട് വരയ്ക്കുന്നതും മറ്റും നിരുത്സാഹപ്പെടുത്തുന്നതിനായി പ്രത്യേക ഹ്രസ്വചിത്രവും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഈ ലഘുചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അറബ് വസ്ത്രങ്ങള്‍ ധരിച്ച ഒരു കൗമാരക്കാരന്‍ വഴിയില്‍ നിന്നും ലഭിച്ച കറുത്ത കളര്‍ നിറഞ്ഞ സ്േ്രപ പെയിന്റ് ഉപയോഗിച്ച് സമീപത്തെ തെരുവുഭിത്തിയില്‍ ദൃശ്യങ്ങളും മറ്റും വരയ്ക്കുന്നും വരയ്ക്കുന്നതിനൊപ്പം അതേ ദൃശ്യങ്ങള്‍ കൗമാരക്കാരന്റെ വെളുത്ത വസ്ത്രത്തിലും അതേപോലെ പതിയുന്നതും വരയ്‌ക്കൊടുവില്‍ ഭിത്തി വൃത്തികേടായതുപോലെ കൗമാരക്കാരന്റെ വസ്ത്രവും വൃത്തികേടാവുന്നതുമാണ് 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ലഘുചിത്രത്തിന്റെ ഇതിവൃത്തം.

നിങ്ങളുടെ രാജ്യത്തെ വൃത്തികേടാക്കുന്നതിലൂടെ നിങ്ങളെത്തന്നെ വൃത്തികേടാക്കുകയാണ് എന്ന സന്ദേശമാണ് ഈ ലഘുചിത്രം നല്‍കുന്നത്. അതേസമയം മന്ത്രാലയത്തിന്റെ അനുമതിയോടെ ഭിത്തികളില്‍ കലാസൃഷ്ടികള്‍ ആലേഖനം ചെയ്യാന്‍ അനുമതിയുണ്ട്. അത്തരത്തില്‍ ഉന്നതമായ കലാസൃഷ്ടികളും ഗ്രാഫിറ്റികളും ഭിത്തിയില്‍ പതിപ്പിച്ചിട്ടുണ്ട്. കലാസാംസ്‌കാരിക മൂല്യങ്ങളുടെ പ്രതിഫലനമായി പ്രമുഖ വ്യക്തിത്വങ്ങളാണ് ഇത്തരത്തില്‍ ഭിത്തികളില്‍ രചനകള്‍ നടത്തിയിരിക്കുന്നത്. എല്‍ സീദിന്റെ പെയിന്റിങുകള്‍ സല്‍വാ റോഡിനെ ആകര്‍ഷകമാക്കുന്നുണ്ട്. ഖത്തര്‍ ഫൗണ്ടേഷനില്‍ വിദ്യാര്‍ഥികള്‍ കലാസൃഷ്ടികള്‍ പെയിന്റിങിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇതില്‍ നിന്നും വ്യത്യസ്തമായി തെരുവുകളിലും മറ്റും അംഗീകാരമില്ലാതെ ദൃശ്യമലിനീകരണം നടത്തുന്നതിനാണ് മന്ത്രാലയത്തിന്റെ വിലക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, ഇംഗ്ലീഷ്- അറബിക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ള സാമുഹിക മാധ്യമങ്ങളിലൂടെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ ഈ നീക്കത്തെ ഖത്തറിലെ താമസക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.