റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ സുപ്രീം കോടതിക്ക് മുന്നില്‍ ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയല്‍ കുറിപ്പുകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് ഇടപെടല്‍ അല്ല നിരീക്ഷണം ആണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്നെടുക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാരിന് നിര്‍ണായകമാണ്. റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുക. ഇതോടൊപ്പം സുപ്രീം കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കപ്പെട്ട രേഖകള്‍ എതെങ്കിലും ക്രമക്കേടുകള്‍ സൂചിപ്പിക്കുന്ന തെളിവുകളല്ലെന്നും ഹര്‍ജി സമര്‍പ്പിച്ചവര്‍ ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയല്‍ കുറിപ്പുകളാണെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റഎ വാദവും കോടതി പരിഗണിക്കും. കേസില്‍ ഡിസംബറില്‍ നടത്തിയ നിഗമനം പുന:പരിശോധിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.റഫാല്‍ ഇടപാടുമായാ ബന്ധപ്പെട്ട് കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജിയും മുപ്പത്തിയാറ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച നടപടിക്രമങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി നല്‍കിയ ഹര്‍ജിയും ഡിസംബറില്‍ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ വിധി പ്രസ്താവത്തിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും