പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.

കഴിഞ്ഞദിവസമാണ് മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ പത്തനംതിട്ട പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്ന ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റുണ്ടായത്. 295 എ വകുപ്പ് പ്രകാരമാണ് കേസ്. പത്തനംതിട്ട പൊലീസ് കൊച്ചിയില്‍ എത്തിയാണ് രഹന ഫാത്തിമയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.