ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല, മറിച്ച് മോദി നടത്തിയ സാമ്പത്തിക കൊള്ളയാണെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അഴിമതിക്ക് എതിരാണ്. രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കണമെന്നാണ് കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. അഴിമതി തുടച്ചു നീക്കാനായി കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് നടപടിയെയും കോണ്‍ഗ്രസ് പിന്തുണയ്ക്കും. അത് ചെറുതായാലും വലുതായാലും ശരി. എന്നാല്‍ നോട്ട് നിരോധനം കള്ളപ്പണത്തിനോ അഴിമതിക്കോ എതിരെയുള്ള പോരാട്ടമല്ല. മറിച്ചത്് സാമ്പത്തിക കൊള്ളയാണ്. സാധുക്കളും പാവപ്പെട്ടവരുമായ രാജ്യത്തെ 99 ശതമാനം വരുന്ന സാധാരണ ജനങ്ങള്‍ക്കെതിരെ മോദി നടത്തിയ ആക്രമമാണിത്, രാഹുല്‍ അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് നൂറോളം ആളുകള്‍ മരണപ്പെട്ടെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഈ മരണപ്പെട്ടവര്‍ക്ക് വേണ്ടി രണ്ട് നിമിഷം പാര്‍ലമെന്റില്‍ മൗനം ആചരിക്കാന്‍ ഭരണപക്ഷം ഞങ്ങളെ അനുവദിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യം കണ്ട ഏറ്റവും ബുദ്ധിശൂന്യമായ സാമ്പത്തിക നടപടിയെന്നായിരുന്നു നോട്ട് നിരോധനത്തെ രാഹുല്‍ വിശേഷിപ്പിച്ചത്.
എല്ലാ പണവും കള്ളപ്പണമെല്ലെന്നും കള്ളപ്പണമെല്ലാം നോട്ടു രൂപത്തിലുമല്ലെന്നും അഭിപ്രായപ്പെട്ട രാഹുല്‍, കള്ളപ്പണം രാജ്യത്തെ പാവപ്പെട്ട കര്‍ഷകരുടേയോ തൊഴിലാളികളുടേയോ കീശയിലല്ലെന്നും, മറിച്ച് അത് മോദി സംരക്ഷിക്കുന്ന 50 കുടുംബങ്ങളുടെ കൈകളിലാണെന്നും രാഹുല്‍ ആരോപിച്ചു.

നോട്ട് നിരോധനത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വ്യാഴാഴ്ചയും രാഹുല്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മോദിക്കെതിരെ അഴിമതി ആരോപണവും രാഹുല്‍ നടത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറാ, ബിര്‍ളാ എന്നീ കമ്പനികളില്‍ നിന്നുമായി മോദി 50 കോടി കൈപ്പറ്റിയെന്ന കടുത്ത ആരോപണമാണ് വിവര സഹിതം രാഹുല്‍ നടത്തിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് ഉത്തരം നല്‍കാന്‍ മോദി തയ്യാറായിട്ടില്ല.
അതേസമയം, അഴിമതി ആരോപണത്തിന് മറുപടി നല്‍കുന്നതിന് പകരം രാഹുലിനെ വ്യക്തിഹത്യ ചെയ്യാനും പരിഹസിക്കാനുമാണ് മോദി ശ്രമിച്ചത്.