ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി വന്‍ തിരിച്ചുവരവ് നടത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വീരപ്പമൊയ്‌ലി. ഗുജറാത്ത് തെരഞ്ഞെടുപ്പിനു വേണ്ടി രാഹുല്‍ ദിവസങ്ങള്‍ നീണ്ട പ്രചാരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മൊയ്‌ലിയുടെ പരാമര്‍ശം. നവംബറില്‍ നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ പാര്‍ട്ടീപ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് മൊയ്‌ലി പ്രതികരിച്ചില്ല.
2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നത് രാഹുലായിരിക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നും മൊയ്‌ലി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഗുജറാത്തില്‍ ഭരണം പിടിച്ചെടുക്കാനാണ് തങ്ങളുടെ സ്രമമെന്നും മൊയ്‌ലി വ്യക്തമാക്കി. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് മികച്ച വിജയം കൈവരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുക്കുമെന്ന് മൊയ്‌ലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടീനേതൃസ്ഥാനത്ത് രാഹുലിനെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷ സ്ഥാനം കൈവരിക്കുമെന്നും മൊയ്‌ലി പറഞ്ഞു. പാര്‍ട്ടി നിലനില്‍പ്പ് ഭീഷണി നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് നശിച്ചുവെന്ന ആരോപണങ്ങളെ അതിജീവിച്ച് ഉയര്‍ന്നുവന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്നും മൊയ്‌ലി പറഞ്ഞു.