ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളും ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധി ച്ച് എ.ഐ.സി. സി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിക്ക് ശേഷമായിരുന്നു രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വലക്കുന്ന ചോദ്യശരങ്ങള്‍ തൊടുത്തത്.

ചോദ്യങ്ങള്‍:
* നോട്ട് നിരോധനത്തിന് ശേഷം മൊത്തം എത്ര കള്ളപ്പണം പിടിച്ചെടുത്തു ?
* രാജ്യത്തിന് എത്ര സാമ്പത്തിക നഷ്ടം വന്നു? എത്ര തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി?
* നോട്ട് അസാധുവാക്കല്‍ കാരണം എത്ര സാധാരണക്കാരുടെ ജീവന്‍ നഷ്ടമായി? ഇതില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി.
* നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എത്ര സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി, അവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തണം.
* നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ആറു മാസം മുമ്പ് ഇരുപത്തിയഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിച്ചവരുടെ പേരുവിവരം പുറത്ത് വിടണം.

ആവശ്യങ്ങള്‍:
* പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണവും പിന്‍വലിക്കണം. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം നിക്ഷേപങ്ങള്‍ക്ക് 18 ശതമാനം പലിശ നല്‍കുകയും ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ രഹസ്യ നിരക്കുകള്‍ പിന്‍വലിക്കുകയും വേണം.
* ഒരു വര്‍ഷത്തേക്ക് പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വില പകുതിയായി കുറയ്ക്കുകയും റാബി വിളകള്‍ക്ക് താങ്ങു വിലയ്ക്കു പുറമെ 20 ശതമാനം ബോണസ് നല്‍കുകയും വേണം.

 
* നോട്ട് നിരോധനം കാരണമുള്ള ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുറഞ്ഞത് ഒരു സ്ത്രീയുടെ അക്കൗണ്ടിലെങ്കിലും ഇടക്കാല ആശ്വാസമായി 25,000 രൂപ നല്‍കണം.
* തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും നോട്ട് നിരോധനത്തിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണം.
* ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് ആദായ നികുതിയിലും വില്‍പ്പന നികുതിയിലും 50 ശതമാനം ഇളവ് നല്‍കണം. സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനായി കേന്ദ്രം സഹായം നല്‍കണം.