ലക്‌നൗ: ഹാഥരാസില്‍ മേല്‍ജാതിക്കാര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് 100 കിലോ മീറ്റര്‍ കാല്‍നടയായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യാത്ര തുടങ്ങി. കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര തടയാന്‍ സര്‍വ്വ സന്നാഹങ്ങളുമൊരുക്കി യുപി പൊലീസ് ശ്രമിക്കുന്നുണ്ട്. വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും നടന്ന് പോവുന്നത്.

ഇതിനിടെ യുപി പൊലീസ് ഉദ്യോഗസ്ഥര്‍ രാഹുലിനെ തള്ളി വീഴ്ത്തി. എന്നെ തള്ളിവീഴ്ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഈ രാജ്യത്ത് മോദിക്ക് മാത്രമാണോ ഇറങ്ങിനടക്കാനുള്ള സ്വാതന്ത്ര്യമുള്ളത്? സാധാരണക്കാര്‍ക്ക് ഈ രാജ്യത്ത് നടക്കാന്‍ സ്വാതന്ത്ര്യമില്ലേ? ഞങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞതുകൊണ്ടാണ് നടന്നുപോവുന്നത്. അതും അനുവദിക്കില്ലെന്നാണ് യുപി പൊലീസ് പറയുന്നത്-രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രിയങ്ക ഗാന്ധിയും യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ ഓരോ സ്ത്രീയും സംസ്ഥാന സര്‍ക്കാരിനോട് കടുത്ത അമര്‍ഷത്തിലാണെന്നും സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ഏറ്റെടുക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വഴിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം കുറ്റാരോപിതര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞങ്ങള്‍ ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി പോരാടുകയായിരുന്നു, കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.