തിരുവനന്തപുരം: ഓഖി ദുരന്തം കശക്കിയെറിഞ്ഞ തീരദേശത്ത് ആശ്വാസത്തിന്റെ ഇളംതെന്നലായി രാഹുല്‍ഗാന്ധിയെത്തി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ കൈപിടിച്ച് ആശ്വസിപ്പിച്ചും മാറോടണച്ചും രാഹുല്‍ സ്‌നേഹത്തണലായി. അപകടത്തില്‍പെട്ടവരുടെ കുടുംബാംഗങ്ങള്‍ നിറകണ്ണുകളോടെ തങ്ങളുടെ സങ്കടങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ തുറന്നു. അവരുടെ കരംഗ്രഹിച്ച രാഹുല്‍ കുടുംബാംഗങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. സങ്കടം സഹിക്കാനാകാതെ നിലവിളിച്ചവരെ മാറോടണച്ച് ആശ്വാസം പകരാനും അദ്ദേഹം മറന്നില്ല. വിഴിഞ്ഞത്തും പൂന്തുറയിലുമാണ് ദുരന്തത്തില്‍ കാണാതായവരുടെയും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസിന്റെ നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തിയത്. ഉച്ചക്ക് 12നാണ് രാഹുല്‍ഗാന്ധി പൂന്തുറയിലെത്തിയത്. മരിച്ചവരുടേയും കാണാതായവരുടെയും ചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം പൂന്തുറ സെന്റ് തോമസ് ദേവാലയത്തിലെ മാതാവിന്റെ കുരിശടിക്ക് കീഴിലെ ചെറിയ വേദിയിലേക്ക്. രാഹുലിനെ കണ്ടതോടെ ദുഃഖത്തിന്റെ നടുവിലും അവര്‍ ഹര്‍ഷാരവം മുഴക്കി. ദുരന്തമേഖലയില്‍ വൈകിയെത്തിയതില്‍ ക്ഷമാപണം നടത്തിയശേഷം ചെറുപ്രസംഗം. കഴിഞ്ഞ 15 ദിവസമായി പ്രിയപ്പെട്ടവരെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന അമ്മമാരുടെയും ഭാര്യമാരുടെയും മക്കളുടെയും അടുത്തേക്ക്. പിന്നീട് വികാര നിര്‍ഭരമായ നിമിഷങ്ങളാണ് കടന്നുപോയത്. തങ്ങളുടെ വിഷമങ്ങളും സങ്കടങ്ങളും ഒരു കുടുബാംഗത്തോടെന്നപോലെ അവര്‍ അദ്ദേഹത്തോട് പങ്കുവെച്ചു.
തൊട്ടുമുമ്പില്‍ നെഞ്ചുപൊട്ടി വിലപിക്കുന്ന ഒരമ്മയെ അദ്ദേഹം ആശ്വസിപ്പിച്ചു. മകനെ കാണാതായ അമ്മയെ കെട്ടിപ്പിടിച്ചു താന്‍ ഒപ്പം ഉണ്ടെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. വീട്ടില്‍ ആരോക്കെയുണ്ടെന്ന് ചോദ്യം. താന്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്ന് അമ്മയുടെ മറുപടി. എല്ലാ ശരിയാക്കാമെന്ന ഉറപ്പും അദ്ദേഹം നല്‍കി. തുടര്‍ന്ന് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. പൂന്തുറ സെന്റ് തോമസ് ചര്‍ച്ച് ഇടവക വികാരി ഫാ.ജസ്റ്റിന്‍ ജൂഡ് രാഹുല്‍ ഗാന്ധിക്ക് നന്ദി രേഖപ്പെടുത്തി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തങ്ങളെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തീരദേശത്തെ സുരക്ഷക്കാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വികാരി ആവശ്യപ്പെട്ടു. പൂന്തുറ നിവാസികളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കൈമാറി.
ഉച്ചക്ക് 12.30ഓടെ വിഴിഞ്ഞത്തെത്തിയ രാഹുല്‍ ഗാന്ധിയെ കാത്ത് അപകടത്തില്‍പ്പെട്ടവരുടേതടക്കം മുന്നൂറോളം കുടുംബാംഗങ്ങളുണ്ടായിരുന്നു. ലത്തീന്‍ അതിരൂപതാ ഇടവക വികാരി വില്‍ഫ്രഡിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആശ്വസിപ്പിച്ചുമായിരുന്നു രാഹുലിന്റെ പ്രസംഗം. ‘വളരെ ദുഃഖം നിറഞ്ഞ സന്ദര്‍ഭത്തിലാണ് താന്‍ ഇവിടേക്ക് വന്നത്. ദുരന്തം ഇടക്കിടെ നിങ്ങളെ തേടിയെത്തുന്നതില്‍ ദുഃഖമുണ്ട്. നിങ്ങള്‍ക്കുണ്ടായ നഷ്ടം വാക്കുകളിലൊതുങ്ങുന്നതല്ല. ദുരന്തത്തെത്തുടര്‍ന്ന് തന്റെ സാന്നിധ്യം ഇവിടെ ഉണ്ടായില്ലെങ്കിലും തന്റെ മനസ് നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’- രാഹുല്‍ പറഞ്ഞു.