ഹൈദരാബാദ്: നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് നിരീക്ഷണത്തിനായാണ് അദ്ദേഹത്തെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ പത്ത് ദിവസമായി തന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ഹൈദരാബാദിലെ സെറ്റിലായിരുന്നു രജനികാന്ത്. ഷൂട്ടിങ് സംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. രജനികാന്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡിസംബര്‍ 22ന് രജനികാന്ത് കൊവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു.

രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം ഒഴിച്ചാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലാകുന്നതോടെ രജനിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.