ജയ്പുര്‍: രാജസ്ഥാനിലെ 90 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. 37 നഗരസഭകളില്‍ മാത്രമാണ് ബിജെപി അധ്യക്ഷന്‍മാര്‍ക്ക് വിജയിക്കാനായത്.

19 നഗരസഭകളില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ച കോണ്‍ഗ്രസ് സ്വതന്തരുടെ പിന്തുണയോടെയാണ് മറ്റിടങ്ങളില്‍ അധികാരത്തിലെത്തിയത്. അതേസമയം കഴിഞ്ഞ തവണ 90 നഗരസഭകളില്‍ 60 ഇടത്തും അധികാരത്തിലെത്തിയ ബിജെപിക്ക് ഈ തവണ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

എന്‍സിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും ഓരോ നഗരസഭകളുടെ തലപ്പത്തെത്തി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികള്‍, 9 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് ജനുവരി 28ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.

ആകെയുള്ള 3034 വാര്‍ഡുകളില്‍ 1197 ഇടത്ത് കോണ്‍ഗ്രസും 1141 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചിരുന്നത്. 633 ഇടങ്ങളില്‍ സ്വതന്ത്രരും ജയിച്ചു.