തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നടപടിയില്‍ പ്രതികരണവുമായി ഡോ രജത്കുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസമായി തന്റെ പേരില്‍ ചില വിവാദങ്ങള്‍ പ്രചരിക്കുകയാണ്. മൂന്നുനാലു മണിക്കൂര്‍ നീണ്ട ഷോയില്‍ നിന്ന് ചിലത് മാത്രം അടര്‍ത്തി പ്രചരിപ്പിക്കുന്നത് അധാര്‍മ്മികമാണ്. പുതിയ തലമുറയെ നന്നായി കാണണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അതില്‍ വിരോധവുമില്ല. നാളെ ചിലപ്പോള്‍ മന്ത്രി തന്നെ ക്ലാസ് എടുക്കണമെന്ന് പറയുമായിരിക്കാം. കാര്യങ്ങള്‍ കുട്ടികളില്‍ എത്തിക്കുക എന്നതാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു അധ്യാപകന്‍ എന്ന നിലയില്‍ ചെയ്യുന്നത്. കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് തനിക്ക് ഒരു നിര്‍ബന്ധവുമില്ല. തന്നെ ആവശ്യമുള്ളവരും എന്നെ വിളിക്കുന്നവരുടെയും മുന്നില്‍ സംസാരിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ട്. നിങ്ങള്‍ക്ക് എന്നെ വേണമെന്നുണ്ടെങ്കില്‍ എന്റെ അന്ത്യശ്വാസം വരെ പ്രവര്‍ത്തിക്കും. ഞാന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ല. നിങ്ങള്‍ക്ക് എന്നെ വേണമെങ്കില്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ എന്നെ സ്വസ്ഥമായി പുറത്തേക്ക് വിടുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറഞ്ഞു.

താന്‍ തെറ്റായി ഒന്നും ചെയ്തിട്ടുമില്ല. പ്രവര്‍ത്തിച്ചിട്ടുമില്ല. ഇനി ഏതെങ്കിലും തരത്തില്‍ ഞാന്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ടന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അതിന് മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.