തൃപ്പൂണിത്തുറ: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെ പൊലീസ് അറസ്റ്റുചെയ്തു. സഹോദരന്‍ സി.പി. പ്രതാപന്റെ, തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിനടുത്തുള്ള വീട്ടില്‍ നിന്നാണ് അറസ്റ്റ്. ഇന്നലെ രാത്രി എട്ടരയോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഉദയഭാനുവിനെ അറസ്റ്റു ചെയ്തത്. പതിനൊന്ന് മണിയോടെ ചാലക്കുടിയിലെത്തിച്ച ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കേസിലെ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. കീഴടങ്ങാന്‍ സമയം നല്‍കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പൊലീസ് അറസ്റ്റിന് ശ്രമിച്ചെങ്കിലും ഉദയഭാനുവിനെ കണ്ടെത്താനായിരുന്നില്ല. കൊലപാതകം നടന്ന ദിവസം കേസിലെ അഞ്ചാംപ്രതി ജോണിയും ഉദയഭാനുവും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.