തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെയുള്ള വിജിലന്‍സ് കേസിന് അനുമതി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു കൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദനാക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രിയുടെ എല്ലാ അഴിമതിയും പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് സര്‍ക്കാരുകളും അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിയ കേസില്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. കോടതിയുടെ മുന്‍പാകെ നിലനില്‍ക്കുന്ന കേസില്‍ പഴയ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഇത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിഷേധിച്ച കാര്യമാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. അന്ന് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഇവിടെ പ്രവര്‍ത്തിച്ച ആളാണ്. ഇവിടെ ആരും കോഴ തന്നിട്ടുമില്ല, ആരും കോഴ വാങ്ങിയിട്ടുമില്ല- ചെന്നിത്തല വ്യക്തമാക്കി.

‘ പ്രാഥമിക അേേന്വഷണത്തിന് ഉത്തരവിടണമെങ്കില്‍ പുതിയ വെളിപ്പെടുത്തല്‍ വേണം. ഇതു പഴയ വെളിപ്പെടുത്തലാണ്. കഴമ്പില്ല എന്നു തള്ളിയതാണ്. എനിക്ക് വളരെ സന്തോഷമാണ് ഉള്ളത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദമാക്കാമെന്ന് കരുതേണ്ട. മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങളുടെ മുഴുവന്‍ അഴിമതിയും ഒരു സംശയവുമില്ലാതെ കേരള ജനതയുടെ മുമ്പില്‍ ഞാന്‍ കൊണ്ടുവരും. നിങ്ങളുടെ യഥാര്‍ത്ഥ മുഖം ജനങ്ങളുടെ മുമ്പില്‍ അനാവരണം ചെയ്യും. അതിന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ തന്നെ മുന്‍കൈ എടുക്കും. ഒരു സംശയവും വേണ്ട’ – ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശബ്ദരേഖ വ്യാജമാണെന്ന് തെളിഞ്ഞതാണ്. അഹമ്മദബാദിലേക്ക് അയച്ച് ശബ്ദരേഖ വ്യാജമാണെന്ന് തെളിയിച്ചതാണ്. ഈ സര്‍ക്കാര്‍ വന്ന സമയത്തും അന്വേഷിച്ച് കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. ഈ റിപ്പോര്‍ട്ടുകളെല്ലാം ഇപ്പോള്‍ വിജിലന്‍സ് കോടതിയുടെയും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും മുന്‍പിലാണ്. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്തിരിക്കുന്നത് സബ്ജുഡീസ് ആയ കാര്യമാണ്- പ്രതിപക്ഷ നേതാവ് ആരോപിച്ചു.