കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരണം. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലാണ് രമേശ് ചെന്നിത്തല ഉപവാസ സമരം നടത്തുന്നത്.
ബിജെപിയും സിപിഎമ്മും ആയുധം താഴെ വെക്കണമെന്നും കേരളത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തലസ്ഥാനനഗരിയിലെ അക്രമസംഭവങ്ങളെക്കുറിച്ച് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം നല്‍കണം. പൊലീസിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു. അക്രമങ്ങളുണ്ടാകുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനായി അര്‍ദ്ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കാനാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ശ്രമം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് തുടങ്ങിയവരും ചെന്നിത്തലയോടൊപ്പം ഉപവസിക്കുന്നുണ്ട്.