ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവന്‍ വിവരങ്ങള്‍ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ പഴയ വകഭേദമോ കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ അണുബാധയ്ക്ക് കാരണമായെന്ന് കാണിക്കുന്നില്ലെന്നും ഗുലേറിയ വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണ്. ചിലര്‍ കീമോ തെറാപ്പി ചെയ്യുന്നവരാണ്. കോവിഡ് ബാധിച്ച ആരോഗ്യമുള്ള കുട്ടികളില്‍ മിക്കവരും ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

ലോക്ഡൗണ്‍ കോവിഡ് വ്യാപനം കുറയ്ക്കും. രോഗവ്യാപനം കുറയ്ക്കാന്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.