X

റയല്‍-അത്‌ലറ്റികോ പോരാട്ടം ഇന്ന്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് അടിപൊളി ആക്ഷന്‍. ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായി കളിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബാര്‍സിലോണ ഗെറ്റാഫെയെ എതിരിടുന്നു. മാഡ്രിഡ് ഡര്‍ബിയാണ് നഗരത്തില്‍ ചൂടേറിയ വര്‍ത്തമാനം. തുടര്‍ച്ചയായി രണ്ട് വിജയങ്ങളുമായി ഫോമിലേക്ക് തിരികെ വന്നിരിക്കുന്നു റയല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പി.എസ്.ജിയില്‍ നിന്നുമേറ്റ മൂന്ന് ഗോള്‍ പരാജയത്തിന് ശേഷം ടീം സ്പാനിഷ് ലാലീഗയില്‍ കരുത്തരായ സെവിയയെയും പിറകെ ഒസാസുനയെയും പരാജയപ്പെടുത്തി. സെവിയക്കെതിരായ മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളാരുമുണ്ടായിരുന്നില്ലെങ്കില്‍ ഒസാസുനക്കെതിരെ ജൂനിയര്‍ താരങ്ങളെയാണ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ പരീക്ഷിച്ചത്. ബ്രസീലുകാരായ വീനിഷ്യസ് ജൂനിയറും റോഡ്രിഗോയും ഗോളുകളുമായി കോച്ചിന് സന്തോഷം നല്‍കിയ സാഹചര്യത്തില്‍ ഇന്ന് ടീം സെലക്ഷന്‍ സിദാന്‍ വെല്ലുവിളിയാണ്. കരീം ബെന്‍സേമ ഫോമില്‍ കളിക്കുമ്പോള്‍ ജെറാത്് ബെയില്‍ സ്വന്തം റോള്‍ ഭംഗിയാക്കുന്നുണ്ട്. പക്ഷേ പ്രതിരോധത്തിലുിം ഗോള്‍വലയത്തിലുമാണ് താരതമ്യേന പ്രശ്‌നങ്ങള്‍. മാര്‍സിലോയും നായകന്‍ സെര്‍ജിയോ റാമോസും ഉള്‍പ്പെടുന്ന പിന്‍നിരക്കാര്‍ സ്ഥിരത പ്രകടിപ്പിക്കുന്നില്ല. റഫാല്‍ വരാനെയെ പോലെ ലോകോത്തര നിലവാരക്കാരുടെ സാന്നിദ്ധ്യത്തിലും പ്രതിസന്ധി ഘട്ടത്തില്‍ ടീം തളരുന്നുണ്ട്. ഗോള്‍ക്കീപ്പര്‍ കുര്‍ത്തോയിസും ഭദ്രത പ്രകടിപ്പിക്കുന്നില്ല. അത്‌ലറ്റികോ സ്വന്തം മൈതാനത്് ശക്തരാണ്. പുതിയ വേദിയില്‍ അവര്‍ പരമ്പരാഗത വൈരികളെ എതിരിടുമ്പോള്‍ മല്‍സരത്തില്‍ തീപ്പാറുമെന്നുറപ്പ്. ദുര്‍ബലരെന്ന് കരുതപ്പെടുന്ന ഗെറ്റാഫെയാണ് ബാര്‍സയുടെ പ്രതിയോഗികള്‍. പക്ഷേ ഇതിനകം സീസണില്‍ രണ്ട് വട്ടം തോല്‍വി രുചിച്ചിരിക്കുന്നു ബാര്‍സ. അവസാന മല്‍സരത്തില്‍ വില്ലാ റയലിനെ പരാജയപ്പെടുത്തിയെങ്കിലും ഈ മല്‍സരത്തില്‍ പരുക്കേറ്റ് പുറത്തായ നായകന്‍ ലിയോ മെസി ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. അന്റോണിയോ ഗ്രിസ്മാന്‍ കഴിഞ്ഞ മല്‍സരത്തില്‍ ഗോള്‍ നേടിയതാണ് ആശ്വാസം. ലൂയിസ് സുവാരസ് ഫോമിലേക്ക് വന്നിട്ടില്ല. അന്‍സു ഫാതി എന്ന യുവ പ്രതിഭാസത്തിന് പരിശീലകന്‍ ആദ്യ ഇലവനില്‍ അവസരം നല്‍കും.
ഇന്ത്യന്‍ സമയം രാത്രി 7-30 നാണ് ബാര്‍സയുടെ മല്‍സരം. 12-30 നാണ് മാഡ്രിഡ് ഡെര്‍ബി.

web desk 1: