News

നേപ്പാളില്‍ കലാപം; പ്രസിഡന്റിന്റെയും മന്ത്രിമാരുടേയും വീടുകള്‍ അഗ്‌നിക്കിരയാക്കി

By webdesk17

September 09, 2025

കാഠ്മണ്ഡു: സാമൂഹ്യമാധ്യമ വിലക്ക് പിന്‍വലിച്ചിട്ടും സര്‍ക്കാരിനെതിരായ പ്രക്ഷോഭം നേപ്പാളില്‍ നടക്കുന്നു. അഴിമതിക്കെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവെക്കുന്നതുവരെ പ്രക്ഷോഭങ്ങളള്‍ നടത്തുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ കൊട്ടാരം തീവെക്കുകയും നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

മുന്‍ പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമല്‍ ദഹല്‍), ഷേര്‍ ബഹാദൂര്‍ ദൂബെ, ഊര്‍ജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെയും കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖകിന്റെയും വസതികള്‍ പ്രക്ഷോഭകര്‍ തീയിട്ടു. പ്രധാനമന്ത്രി ശര്‍മ്മ ഒലിയുടെ വസതിക്ക് സമീപം സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പ്രക്ഷോഭകര്‍ക്ക് വെടിയേറ്റു.

രാജ്യത്തെ മറ്റു രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്കും ആക്രമണം നടത്തിട്ടുണ്ട്. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമ നിരോധനത്തിനെതിരായ പ്രതിഷേധമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്.

രാജ്യത്തെ വിവിധ നഗരങ്ങളിലായി പ്രക്ഷോഭകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ശര്‍മ്മ ഒലി സര്‍ക്കാരില്‍ ജലവിതരണ മന്ത്രിയായ പ്രദീപ് യാദവ് രാജിവെച്ചു. പ്രതിഷേധക്കാര്‍ക്ക് പ്രദീപ് യാദവ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രധാനമന്ത്രി കെ പി ശര്‍മ്മ വൈകീട്ട് ആറിന് ഒലി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. രാജ്യത്ത് യുവജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി . പ്രധാനമന്ത്രി ശര്‍മ്മ ഒലി രാജിവെച്ചേ തീരു എന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. ഈ പശ്ചാത്തലത്തില്‍ ശര്‍മ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുവജന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും നേപ്പാള്‍ അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും വിദേശകാര്യമന്ത്രാലയം വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.