ന്യൂഡല്‍ഹി: ഡിസംബര്‍ 31വരെ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് ഓഫറുമായാണ് ജിയോ സേവനം ആരംഭിച്ചത്. സൗജന്യ ഇന്റര്‍നെറ്റില്‍ തന്നെയാണ് ആളുകള്‍ കണക്ഷന്‍ എടുത്തതും. ഡിസംബറോടടുക്കുമ്പോള്‍ ഒരു വിധം ആളുകളുടെ അടുത്തൊക്കെ ഇപ്പോള്‍ ജിയോ സിം ഉണ്ട്. കണക്ഷന്‍ എടുക്കുന്നതിനുള്ള പ്രൊസസ് എളുപ്പമാക്കിയതാണ് ഇതിനൊരു കാരണം.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ജിയോ കണക്ഷന്റെ പേരില്‍ വന്ന ബില്ലാണ്.

27,718 രൂപയുടെ ബില്ലാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ജിയോ കണക്ഷന്റെ ബില്ല് തന്നെയെന്ന് തോന്നിപ്പിക്കും. ഇതോടെ സൗജന്യ കണക്ഷന്‍ നല്‍കി അവസാനം ബില്ല് വരുമോ എന്ന അങ്കലാപ്പിലാണ് ഉപയോക്താക്കള്‍.

പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് വിവാദ ബില്ലിനോട് ജിയോ പ്രതികരിച്ചത്. ഡിസംബര്‍ 31 വരെ വാഗ്ദാനം ചെയ്തപോലെ സൗജന്യമായിത്തന്നെ ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചു. അതേസമം സൗജന്യ ഓഫര്‍ നീട്ടുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനോട് കമ്പനി വ്യക്തമായി പ്രതികരിച്ചില്ല. ഡിസംബര്‍ 28ന് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്നാണ് കമ്പനി അറിയിച്ചത്.