kerala

‘സന്നദ്ധ പ്രവര്‍ത്തകരെ കൂലിപ്പണിക്കാരാക്കി ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു’: പി.കെ കുഞ്ഞാലിക്കുട്ടി

By webdesk14

September 17, 2024

സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കണക്കുകളാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന് കേരളം നൽകുന്ന മെമ്മോറാണ്ടത്തിന്റെ വിശ്വാസതയാണ് സർക്കാർ നഷ്ടപ്പെടുത്തിയത്. മൃതദേഹം സംസ്കരിക്കുന്നതിന്റെ കണക്ക് പറഞ്ഞു സന്നദ്ധപ്രവർത്തകരെ കൂലിപ്പണിക്കാർ ആക്കി. ഞങ്ങൾ അവരെ ആദരിക്കുമ്പോഴാണ് സർക്കാർ അവരെ അവഹേളിക്കുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.

രാഷ്ട്രീയം നോക്കാതെയാണ് എല്ലാവരും സർക്കാരുമായി സഹകരിച്ചത്. സർക്കാർ തെറ്റുപറ്റിയെന്ന് സമ്മതിക്കണം. ഈ കണക്കുണ്ടാക്കിയ ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണം. ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത സർക്കാർ നഷ്ടപ്പെടുത്തി. ഇങ്ങനെയാണെങ്കിൽ ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ചും വിശ്വാസം നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.