ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വിട്ട 2 മന്ത്രിമാരും 6 എംഎല്‍എമാരും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപി മന്ത്രിസഭയിലുണ്ടായിരുന്ന സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സൈനി എന്നിവരോടൊപ്പം എംഎല്‍എമാരായ മുകേഷ് വര്‍മ, റോഷന്‍ലാല്‍ വര്‍മ, ഭഗവതി സാഗര്‍, വിനയ് ശാക്യ തുടങ്ങിയവരാണ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ നിന്ന് എസ്പി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ബിജെപി വിട്ട ചില എംഎല്‍എമാരും ഉടന്‍ എസ്പിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വാമി പ്രസാദ് മൗര്യയെന്ന തൊഴില്‍മന്ത്രിയാണ് ആദ്യം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് മറ്റുള്ളവരുടെ രാജിയും.
ധാരാസിങ് ചൗഹാന്‍ എന്ന വനംപരിസ്ഥിതി മന്ത്രിയായിരുന്നു ഇന്നലെ രാജി വെച്ചത്. പിന്നാക്ക വിഭാഗത്തില്‍നിന്നുള്ളവരാണ്
രാജിവെച്ച എംഎല്‍എമാര്‍. ദലിതരെയും പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കുന്നു എന്ന് പറഞ്ഞാണ് എല്ലാവരും രാജിവെച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യുപി ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായത്. ഫെബ്രുവരി 10നാണ് യൂപി നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.