GULF

‘മതപ്രബോധനം; കാലികവും പ്രമാണബദ്ധവുമായിരിക്കണം’:സാദിഖലി തങ്ങൾ

By webdesk14

October 25, 2025

ദമ്മാം: മതപ്രബോധനം ഭരണഘടനാപരമായി പൗരാവകാശമാണെന്നും അത് നിർവ്വഹിക്കുവാൻ ഇന്ത്യയിലെ മുഴുവൻ മതങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ദമ്മാം ചാപ്റ്റർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിലെ പ്രബോധനരീതികൾ കാലികവും ആധികാരികവും സർവ്വോപരി പ്രമാണബദ്ധവുമായിരിക്കണം.

നിരവധി പണ്ഡിത പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് കേരളം. എന്നാൽ സ്വാതന്ത്രാനന്തരം കേരളത്തിലെ മതവിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും ബിരുദസമ്പാദനത്തിനും ദൂരെ ഉത്തരേന്ത്യയെതന്നെ ആശ്രയിക്കേണ്ട പരിമിതികളുണ്ടായി. ഈ സാഹചര്യത്തത്തിലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പിറവിയും പുരോഗതിയും പൂർവ്വസൂരികൾ ഏറ്റെടുത്തത്. പിന്നീട് ആത്മീയ രംഗത്ത് മാത്രമല്ല ഭൗതികമായും വിദ്യാഭ്യാസപരമായും സമൂഹത്തെ സമുദ്ധരിക്കാൻ ജാമിഅക്ക് സൗഭാഗ്യമുണ്ടായി. അതുകൊണ്ടാണ് ഫൈസാബാദിന് ഇത്രമേൽ സ്വീകാര്യത ലഭിച്ചതെന്നും അതിനെ പിന്തുണക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സാദിഖലി തങ്ങൾ ആഹ്വാനം ചെയ്തു. റോസ് ഗാർഡനിൽ നടന്ന സംഗമത്തിൽ ദമ്മാം ചാപ്റ്റർ പ്രസിഡന്റ് അബ്ദുറഹ്മാൻ അറക്കൽ അധ്യക്ഷത വഹിച്ചു.കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂർ ഉൽഘടനം ചെയ്തു.

നാഷണൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ,ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്,ചെയർമാൻ ഖാദർ ചെങ്കള,ആലിക്കുട്ടി ഒളവട്ടൂർ,മാലിക് മഖ്ബൂൽ,സിദ്ധീഖ് പാണ്ടികശാല,റഹ്മാൻ കാരയാട്,ടിപി മുഹമ്മദ്,ഖാദർ മാസ്റ്റർ,ഇഖ്ബാൽ ആനമങ്ങാട്, മാഹിൻ വിഴിഞ്ഞം സംബന്ധിച്ചു. കെപി ഹുസൈൻ സ്വാഗതവും മുജീബ് കുളത്തൂർ നന്ദിയും പറഞ്ഞു.