മുംബൈ: ഗുജറാത്തില്‍ സംവരണം ആവശ്യപ്പെട്ട് ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടീദാര്‍ വിഭാഗം നടത്തിയ പ്രക്ഷോഭം മഹാരാഷ്ട്രയിലെ മറാത്ത വിഭാഗക്കാര്‍ക്കും പ്രചോദനമാവുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ശിവജിയുടെ ജന്മദിനമായ ഫെബ്രുവരി 19ന് സംസ്ഥാന വ്യാപകമായി സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്താനാണ് മറാത്ത വിഭാഗക്കാരുടെ തീരുമാനം.
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തങ്ങളുടെ ശക്തി സര്‍ക്കാറിനെ അറിയിക്കുമെന്ന് സമുദായ നേതാക്കള്‍ പറഞ്ഞു. പനവേലില്‍ കഴിഞ്ഞ ദിവസം നടന്ന മറാത്ത വിഭാഗക്കാരുടെ സംസ്ഥാന നേതൃ സംഗമത്തില്‍ 19 മുതല്‍ 2019 വരെ എന്ന് പ്രക്ഷോഭത്തിന് പേരിടാനും തീരുമാനിച്ചു. ശിവജിയുടെ ജന്മദിനം മുതല്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് വരെ പ്രതിഷേധം തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കന്‍മാര്‍ അറിയിച്ചു.
നേരത്തെ ഓഗസ്റ്റ് ഒമ്പതിന് മറാത്ത വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭ സമയത്ത് നാല് മാസം കൊണ്ട് സമുദായത്തിന്റെ പ്രശ്‌നം പരിഹരിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നതാണ്.
എന്നാല്‍ സര്‍ക്കാര്‍ ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് നേതാക്കള്‍ പറഞ്ഞു. ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ, സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കണമെന്നാണ് മറാത്തക്കാരുടെ ആവശ്യം. നേരത്തെ പട്ടേല്‍ സംവരണ പ്ര ക്ഷോ ഭത്തെ തു ടര്‍ന്ന് ഗുജറാ ത്ത് നിയമസഭാ തെരഞ്ഞെടുപ്പി ല്‍ പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സ്ഥാ നാര്‍ത്ഥി നി ര്‍ണയത്തില്‍ മു ന്തിയ പരിഗണന ലഭിച്ചിരുന്നു.