X

റിയാസ് മൗലവി വധക്കേസ്; പൊലീസ് സത്യസന്ധമായി പ്രവര്‍ത്തിച്ചത് പ്രതികളെ രക്ഷിക്കാന്‍- പി.എം.എ സലാം

റിയാസ് മൗലവി വധക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പ്രകാരം പൊലീസ് സത്യസന്ധമായി പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ അത് പ്രതികളെ രക്ഷിക്കാനായിരുന്നു എന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഒരു പാവം മനുഷ്യനെ അർധരാത്രി ഉറങ്ങുമ്പോൾ വെട്ടിക്കൊല്ലുകയാണ്. കേസിൽ പ്രതികളെ പിടികൂടി. എന്നാൽ തുടക്കം തൊട്ടേ ഇവരെ രക്ഷപ്പെടുത്താണ് പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചത്. അന്വേഷണം കാര്യക്ഷമമായി നടന്നില്ല. പ്രതികളെ നിസ്സാരമായി വിട്ടയക്കാനാണ് അന്വേഷണം നടന്നത്. ഈ വിഷയത്തിൽ എൽ.ഡി.എഫ്-ബി.ജെ.പി അന്തർധാര വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആദ്യത്തെ സംഭവമല്ല. ആലപ്പുഴയിലെ അഡ്വ. ഷാൻ കൊലക്കേസും ശ്രീനിവാസൻ കൊലക്കേസും ഉദാഹരണമാണ്. പ്രതികാര കൊലപാതകമായിരുന്നു അത്. ശ്രീനിവാസൻ കേസിലെ പ്രതികളെ അതിവേഗം കണ്ടെത്തി 15 പ്രതികൾക്കും വധശിക്ഷ വിധിച്ചത് അതിവേഗമാണ്.

അതിനു മുമ്പ് നടന്ന സംഭവത്തിലെ പ്രതികളെ മുഴുവൻ പിടികൂടാനോ വിചാരണ തുടങ്ങാനോ സാധിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളിലെ വിവേചനം ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് കോടതിയിലെത്തിക്കേണ്ട പൊലീസും പ്രോസിക്യൂഷനും ഇത്തരം കേസുകളിൽ ഗുരുതരമായ വിവേചനവും അലംഭാവവും കാണിക്കുന്നുണ്ടെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി.

webdesk13: