ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറില്‍ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കിടെ നാടകീയ രംഗങ്ങള്‍. നടന്‍ വിശാലി ന്റെ നാമനിര്‍ദേശ പത്രിക പ്രതിഷേധത്തിനൊടുവില്‍ സ്വീകരിച്ചു. സൂക്ഷ്മ പരിശോധനയില്‍ പത്രിക മാറ്റിവെക്കുകയും പിന്നീട് തള്ളുകയും ചെയ്തിരുന്നു.
പിന്തുണച്ച രണ്ട് പേരുടെ കയ്യൊപ്പ് വ്യാജമാണെന്ന് കാണിച്ചായിരുന്നു പത്രിക തള്ളിയത്. തുടര്‍ന്ന് വിശദമായ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് പത്രിക സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് കാണിച്ച് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ പത്രിക തള്ളി. തന്നെ പിന്താങ്ങിയവരില്‍ രണ്ടുപേരെ അണ്ണാ ഡിഎംകെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ കൈവശമുണ്ടെന്ന് വിശാല്‍ അവകാശപ്പെട്ടു. ഒപ്പ് വ്യാജമാണെന്ന് പറയാനാണ് ഇവരെ ഭീഷണിപ്പെടുത്തിയതെന്നും വിശാല്‍ പറഞ്ഞു.
പത്രിക തള്ളിയത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി വിശാലും സംഘവും റിട്ടേണിങ് ഓഫീസറുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പിന്നാലെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്. സ്വത്ത് വിവരം രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപയുടെ പത്രിക തള്ളിയത്. മത്സരത്തില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നെന്ന് ദീപ ആരോപിച്ചു. പത്രിക സമര്‍പ്പിക്കരുകതെന്ന് സര്‍ക്കാരിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നതായും ദീപ പറഞ്ഞു.
ഈമാസം 21നാണ് ഉപതെരഞ്ഞെടുപ്പ്. അണ്ണാ ഡി.എം.കെ ശശികല വിഭാഗം സ്ഥാനാര്‍ത്ഥിയായി ടി.ടി.വി. ദിനകരനും ഔദ്യോഗിക വിഭാഗം പ്രതിനിധിയായി പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനുമാണ് മത്സരിക്കുന്നത്. മരുത് ഗണേഷാണ് ഡി.എം. കെ സ്ഥാനാര്‍ത്ഥി. ഫലപ്രഖ്യാപനം 24ന് നടക്കും.
Be the first to write a comment.