തൃശ്ശൂര്‍: ഡ്രൈവിങ് ടെസ്റ്റില്‍ പാസായ സന്തോഷത്തില്‍ വീട്ടിലേക്ക് മടങ്ങിയ യുവാവിന് ദാരുണാന്ത്യം. ദുബൈയില്‍ ജോലി ചെയ്യുന്ന ചെമ്മനാംകുന്നേല്‍ വീട്ടില്‍ ശശികുമാറിന്റെ മകന്‍ സനോജ് (22)ആണ് മരിച്ചത്. വടക്കാഞ്ചേരി പാര്‍ളിക്കാട് വ്യാസ കോളജ് സ്റ്റോപ്പിലാണ് അപകടമുണ്ടായത്.

ഡ്രൈവിങ് ടെസ്റ്റിനായി രാവിലെ അത്താണിയിലെ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയിലായിരുന്നു എത്തിയിരുന്നത്. തിരിച്ച് ബസില്‍ പോകാനായിരുന്നു തീരുമാനം. എന്നാല്‍ ബസില്‍ മടങ്ങാനിരിക്കുന്നതിനിടെ ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണന്‍ (47) എന്നയാളെ പരിചയപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബൈക്കില്‍ മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ മിണാലൂര്‍ ഗ്രൗണ്ടില്‍നിന്ന് ഒരു കിലോമീറ്ററോളം യാത്ര ചെയ്തപ്പോഴേക്കും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ ഹാര്‍ബറിലേക്ക് അസംസ്‌കൃത വസ്തുവുമായെത്തിയ ടോറസ് ലോറി ബൈടിലേക്ക് പാഞ്ഞുകയറി. പുറകില്‍ യാത്ര ചെയ്തിരുന്ന സനോജ് ടോറസിനടിയിലേക്ക് തെറിച്ചു. ഗോപാലകൃഷ്ണന്‍ റോഡില്‍ വീണു ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.

തിങ്കളാഴ്ചയായിരുന്നു ടെസ്റ്റ്. ടെസ്റ്റ് വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു ഗോപാലകൃഷ്ണന്റെ കൂടെ ബൈക്ക് യാത്ര.

അപകടം കണ്ട് ഓടി കൂടിയെത്തിയവര്‍ ഇരുവരേയും മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും സനോജിന്റെ മരണം സ്ഥിരീകരിച്ചു. കാളിയാ റോഡ് പള്ളി ജാറത്തിനടുത്താണ് സനോജിന്റെ വീട്. മാതാവ് സ്വപ്ന. ഏകസഹോദരി നന്ദന. പിതാവ് ദുബൈയില്‍ നിന്ന് നാട്ടിലെത്തും.