തിംഫു: സിക്കിമിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായ ഡോങ്‌ലാങിലെ ചൈനയുടെ റോഡ് നിര്‍മാണത്തിനെതിരെ ഭൂട്ടാന്‍. ചൈനയുടെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ലംഘനമാണെന്നും നിര്‍മാണ പ്രവര്‍ത്തികളില്‍ നിന്നും ഉടന്‍ പിന്മാറണമെന്നും ഭൂട്ടാന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അയല്‍രാജ്യമായ ഭൂട്ടാന്‍ ചൈനക്കെതിരെ രംഗത്തെത്തിയത്. വര്‍ഷങ്ങളായി തര്‍ക്ക ബാധിത പ്രദേശമായി നിലനില്‍ക്കുന്ന ഡോംങ്‌ലാങില്‍, പ്രത്യേകിച്ചും ഇത് സംബന്ധിച്ച് ചൈനയും ഭൂട്ടാനും തമ്മില്‍ കരാര്‍ നിലനില്‍ക്കുമ്പാള്‍ അത് ലംഘിച്ചു കൊണ്ടുള്ള ചൈനയുടെ കടന്നുകയറ്റം മേഖലയിലെ സമാധാന അന്തരീക്ഷത്തില്‍ വിള്ളല്‍ വരുത്തിയതായി ഇന്ത്യയിലെ ഭൂട്ടാന്‍ അംബാസിഡര്‍ വെട്‌സോപ് നാംജ്യല്‍ പറഞ്ഞു. അതേസമയം കാലാകാലങ്ങളായി ചൈനയുടെ ഭാഗമാണ് ഡോങ്‌ലാങെന്നും ഇക്കാര്യത്തില്‍ മറ്റൊരു രാജ്യത്തിനും അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ചൈനിസ് വിദേശകാര്യ വക്താവ് ലു കാങ് പ്രതികരിച്ചു. ഇന്ത്യയെയും ഭൂട്ടാനെയും ഉദ്ദരിച്ചുകൊണ്ടായിരുന്നു ലു കാങിന്റെ പ്രസ്താവന. ഡോങ്‌ലാങിലെ ചൈനയുടെ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് സിക്കിം മേഖലയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ചെറിയരീതിയില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതേതുടര്‍ന്ന് കൈലാസ്- മാനസസരോവര്‍ പാതയിലേക്കുള്ള നാഥുല ചുരം ചൈന അടച്ചിരിക്കുകയാണ്. ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം തടഞ്ഞെന്ന് ആരോപിച്ച് ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന് രണ്ട് ഇന്ത്യന്‍ ബങ്കറുകളില്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.