Connect with us

india

വീണ്ടും വിധേയത്വത്തിലേക്ക്

EDITORIAL

Published

on

ഇറക്കുമതിത്തീരുവയുമായി ബന്ധപ്പെട്ട്, അമേരിക്കയില്‍ നിന്ന് അകലം പാലിക്കുകയും റഷ്യയും ചൈനയുമുള്‍ക്കൊള്ളുന്ന എസ്.സി.സി ഉച്ചകോടയില്‍ പങ്കെടുത്ത് ചരിത്രപരമെന്ന് ധ്വനിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തതിനുപിന്നാലെ വീണ്ടും അതേ അമേരിക്കയുടെ പാതസേവക്കു തയാറായിനില്‍ക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ ഒരിക്കല്‍ക്കൂടി ലോകത്തിനുമുന്നില്‍ നാണംകെടുത്താനുളള തയ്യാറെടുപ്പിലാണ്. അമേരിക്കയെപ്പോലെ തന്നെ ഇന്ത്യയെയും സാര്‍വദേശീയ രംഗത്ത് ഒരു നയവുമില്ലാത്ത അവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന മോദി കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ വാഴ്ത്തുപാട്ടില്‍ അഭിരമിച്ചുപോവുകയും ചൈനാ സന്ദര്‍ശനത്തിനിടെ നടത്തിയതെല്ലാം വിടുവായിത്തങ്ങളാണെന്ന് തെളിയിക്കുകയും ചെയ്തിരിക്കുകയാണ്. നരേന്ദ്ര മോദി എപ്പോഴും തന്റെ സുഹൃത്തായിരി ക്കുമെന്നും അദ്ദേഹം മഹാനായ പ്രധാനമന്ത്രിയാണന്നുമുള്ള ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെയാണ് അതുകേള്‍ക്കാന്‍ കാതോര്‍ത്തു നില്‍ക്കുകയായിരുന്നുവെന്നപോലെ ശരവേഗത്തില്‍ പ്രധാനമന്ത്രിയുടെ മറുപടിയുമുണ്ടായിരിക്കുന്നത്. ട്രംപിന്റെ പ്രസ്താവനയെ അങ്ങേയറ്റം വിലമതി ക്കുന്നുവെന്നും അദ്ദേഹത്തിന്റെ വികാരങ്ങളെ പങ്കുവെക്കുന്നുമെന്നുമായിരുന്നു മോദിയുടെ മറുപടി. ഭാവിയിലേക്ക് ഊന്നിയുള്ള സമഗ്രവും ആഗോളവുമായ തന്ത്രപരമായ പ ങ്കാളിത്തമാണ് ഇരുരാജ്യങ്ങള്‍ക്കുമുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇറക്കുമതിത്തീരുവയുടെ വര്‍ധന, വിസാ നിയന്ത്രണങ്ങള്‍, അനധികൃത കുടിയേറ്റം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് മോദി സര്‍ക്കാറിന്റെ അമേരിക്കന്‍ ഭരണകൂടവുമായുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടായത്. അമേരിക്ക ഒന്നാമത് എന്ന നയത്തിലൂന്നി, തന്ത്രപ്രധാന മേഖലകളില്‍ ട്രംപ്, ഇതര രാജ്യങ്ങളോട് സ്വീകരിക്കുന്ന കടുത്ത സമീപനങ്ങളുടെ ഭാഗമായി ഇന്ത്യയോട് യാതൊരു തരത്തിലുള്ള മൃതു സമീപനവും സ്വീകരിച്ചില്ലെന്നുമാത്രമല്ല, മറ്റു രാജ്യ ങ്ങളേക്കാള്‍ കടുത്ത തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ ‘മൈ ഫ്രണ്ടില്‍നിന്ന്’ ഇന്ത്യക്ക് ഏല്‍ക്കേണ്ടിവന്നത്. നയതന്ത്ര രംഗത്ത് കനത്ത തിരിച്ചടിയേറ്റ് ഗത്യന്തരമില്ലാതെ വന്നതോടെയാണ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനവും അമേരിക്കക്കെതിരെ ഏഷ്യയില്‍ പുതിയൊരു അച്ചുതണ്ട് രൂപപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാവുകയും ചെയതത്. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും ആഗോള വ്യാപാര മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നുമായിരുന്നു ടിന്‍ ജിയാനില്‍ ഷാങ് ഹായ് സഹകരണ ഉച്ചകോടിക്കിടെ നടത്തിയ പ്രത്യേക കൂടിക്കാഴ്ചക്കു ശേഷം പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ മോദിയും ഷീ ജിന്‍പിങും പറഞ്ഞത്. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാംഭിക്കാനും കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിക്കാനും ധാരണയായതായും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടി രുന്നു.

എന്നാല്‍ മോദിയുടെ ഈ കൂടിക്കാഴ്ച്ചകളെയും പ്രഖ്യാപനങ്ങളെയുമെല്ലാം നയതന്ത്ര രംഗത്തെ വിദഗ്ധര്‍ അന്നുതന്നെ സംശയ ദൃഷ്ടിയോടെയായിരുന്നു കണ്ടിരുന്നത്. മോദി സര്‍ക്കാറിനുണ്ടായിരുന്ന അന്തമായ അമേരിക്കന്‍ വിധേയത്വത്തിന്റെയും, ചൈന പാകിസ്താന് നല്‍കുന്ന തുറന്ന പിന്തുണയുടെയും, അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അവിശ്വാസത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇത്. പഹല്‍ഗാം ഭീകരാക്രമണ ത്തിനു പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ ചൈന പാകിസ്താന് സൈനിക സാങ്കേതിക സഹായം നല്‍കിയെന്ന് ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ തന്നെ വിമര്‍ശിച്ചിരുന്നുവെന്നു മാത്രമല്ല, ലഡാക്കിലെ ചൈനീസ് കടന്നുകയറ്റവും ഗല്‍വാനില്‍ ഇരു രാജ്യങ്ങളുടേയും സൈന്യം മുഖാമുഖം വന്നതും വലിയ നയതന്ത്ര പ്രശ്നമായി വളര്‍ന്നിരുന്നു. ഗല്‍വാനില്‍നിന്ന് ഇപ്പോഴും ചൈന പൂര്‍ണമായി പിന്‍വാങ്ങിയിട്ടില്ല. മാത്രമല്ല കശ്മീര്‍ അതിര്‍ത്തിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതി എന്നിവയെല്ലാം ഇന്ത്യയെ ലക്ഷ്യമിട്ടാണ് എന്നതും കൂടിക്കാഴ്ച്ചയുടെ സാങ്കത്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.

എന്നാലിപ്പോള്‍ ഈ കൂടിക്കാഴ്ച്ചയെ സംശയിച്ചവരുടെ നിലപാടുകള്‍ പൂര്‍ണമായും ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം മോദിയും ട്രംപും നടത്തിയിട്ടുള്ള പുകഴ്ത്തലുകള്‍. ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങള്‍ക്കെതിരെ മേഖലയില്‍ രൂപപ്പെട്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെട്ട പുതിയ അച്ചുതണ്ടിനെ മുളയില്‍ തന്നെ നുള്ളിക്കളയാന്‍ പര്യാപ്തമാണ് പ്രധനാമന്ത്രിയുടെ സ്തുതി ഗീതമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഒരു വിലയും കല്‍പ്പിക്കാത്ത ട്രംപ് ഭരണകൂടത്തോട് ഒട്ടി നില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യം അല്‍ഭുതം ജനിപ്പിക്കുന്നതും സംശയാസ്പദവുമാണ്. സ്വന്തം തോന്നലുകളെ രാജ്യത്തിന്റെ താല്‍പര്യങ്ങളാക്കിമാറ്റുന്ന ട്രംപിന്റെ നിലപാടുകളെ ലോകരാഷ്ട്രങ്ങള്‍ ജാഗ്രതയോടെയും കരുതലോടെയുമാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മോദി സര്‍ക്കാറാകട്ടേ അനുഭവങ്ങളില്‍ നിന്നു പോലും പാഠംപഠിക്കാന്‍ തയാറാവാതെ വീണ്ടും വീണ്ടും ട്രംപിനു പിന്നാലെ പോകുന്നത് ഇന്ത്യയെ ലോകത്തിനുമുന്നില്‍ നാണംകെടുത്തിക്കൊണ്ടിരിക്കുകയാണ്.

india

മകന്‍ പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി

കടബ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെഞ്ചിലാടിയിലെ ഖണ്ഡിഗയില്‍ താമസിക്കുന്ന ഡ്രൈവര്‍ ലക്ഷ്മണ്‍ ഗൗഡയുടെ മകന്‍ ഗഗന്‍ കുമാറാണ് (14)മരിച്ചത്.

Published

on

ദക്ഷിണ കന്നട ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടബ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെഞ്ചിലാടിയിലെ ഖണ്ഡിഗയില്‍ താമസിക്കുന്ന ഡ്രൈവര്‍ ലക്ഷ്മണ്‍ ഗൗഡയുടെ മകന്‍ ഗഗന്‍ കുമാറാണ് (14)മരിച്ചത്.

വിദ്യാര്‍ഥിയുടെ പിതാവായ ലക്ഷ്മണ്‍ ഗൗഡ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ മകന്റെ പഠന നിലവാരം തൃപ്തികരമല്ലെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നു. ഗഗന്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം പുസ്തകങ്ങളുമായി മുറിയിലേക്ക് പോയി. പിതാവ് വിളിച്ചപ്പോള്‍ മറുപടി ലഭിക്കാത്തതിനാല്‍ മുറിയുടെ വാതില്‍ ബലമായി തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ലക്ഷ്മണ്‍ ഗൗഡ നല്‍കിയ പരാതിയില്‍ കഡബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

india

ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്

വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്‌കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി. ചലാന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Published

on

ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ നല്‍കി യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്‌കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി. ചലാന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ചൊവ്വാഴ്ച ന്യൂ മണ്ഡി ഏരിയയില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്, അന്‍മോല്‍ സിന്‍ഘാല്‍ എന്ന യുവാവിന് പിഴ കിട്ടിയത്. ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച സിന്‍ഘാലിനെ ട്രാഫിക് പൊലീസ് തടഞ്ഞിരുന്നു. ഇയാളുടെ കൈവശം ആവശ്യമായ മറ്റ് രേഖകളും ഉണ്ടായിരുന്നില്ല.

ഇതോടെ സ്‌കൂട്ടര്‍ പിടിച്ചെടുത്ത പൊലീസുകാര്‍ പിഴ ചുമത്തുകയായിരുന്നു. ചലാന്‍ കിട്ടിയപ്പോള്‍ പിഴത്തുക 20,74,000 രൂപ… ഇതോടെ, ചലാന്റെ ഫോട്ടോ യുവാവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. പണി പാളിയെന്ന് മനസിലായ പൊലീസുകാര്‍ ഉടന്‍ വിശദീകരണവുമായി രംഗത്തെത്തുകയും പിഴത്തുക 4000 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.

വാഹനം പരിശോധിച്ച ഉദ്യോഗസ്ഥന്‍ വകുപ്പും തുകയും ചേര്‍ത്തപ്പോള്‍ ഒരുമിച്ചായതാണെന്നാണ് പൊലീസ് വാദം. ചലാന്‍ നല്‍കിയ സബ് ഇന്‍സ്‌പെക്ടറുടെ അശ്രദ്ധ മൂലമാണ് ഇത്തരമൊരു പിശക് സംഭവിച്ചതെന്ന് മുസഫര്‍നഗര്‍ പൊലീസ് സൂപ്രണ്ട് (ട്രാഫിക്) അതുല്‍ ചൗബെ അവകാശപ്പെട്ടു. യുവാവിനെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 207 പ്രകാരമാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ സബ് ഇന്‍സ്‌പെക്ടര്‍ 207ന് ശേഷം ‘എംവി ആക്ട്’ എന്ന് ചേര്‍ക്കാന്‍ മറന്നു എസ്പി പറഞ്ഞു.

‘അങ്ങനെയാണ്, 207ഉം ആ വകുപ്പിലെ ഏറ്റവും കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഒരുമിച്ച് 20,74,000 രൂപ എന്ന് ചലാനില്‍ വന്നത്. യുവാവ് 4,000 രൂപ പിഴ മാത്രം അടച്ചാല്‍ മതി’ എസ്പി ചൗബെ വിശദമാക്കി.

അതേസമയം, പിഴയുടെ കാരണങ്ങള്‍ വ്യക്തമാക്കുന്ന കോളത്തില്‍ ഏതൊക്കെ വകുപ്പുകളാണ് നടപടിക്ക് ആധാരമെന്ന് പൊലീസ് പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ 207 എന്നൊരു വകുപ്പില്ല. 194ഡി, 129, 194 സി എന്നീ വകുപ്പുകളും 121ാം ചട്ടവുമാണ് ചലാനില്‍ പറയുന്നത്. അതിനു ശേഷമുള്ള കോളത്തിലാണ് പിഴത്തുക രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading

india

യു.പിയില്‍ ഈ വര്‍ഷം ഏറ്റുമുട്ടലിനിടെ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ

2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.

Published

on

ഈ വര്‍ഷം അവസാനിക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ. കഴിഞ്ഞ 36 ദിവസത്തിനുള്ളില്‍ മാത്രം വെടിവച്ച് കൊന്നത് 10 പേരെയാണ്. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.

2025 ല്‍ 42, 2018 ല്‍ 41, 2019 ല്‍ 34 , 2017 ല്‍ 28 , 2020, 2021, 2023 എന്നീ വര്‍ഷങ്ങളില്‍ 26, 2024 ല്‍ 22, 2022 ല്‍ 14 എന്നിങ്ങനെയാണ് ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ മാത്രം മരിച്ചവരുടെ കണക്ക്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കന്നുകാലിയെ മോഷ്ടിച്ച കേസില്‍ പ്രതിയായ മുഹമ്മദ് വാഖിഫിനെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അസംഗഢിലെ റൗണാപര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല ചെയ്തു. ഇതോടെ 2017 മാര്‍ച്ച് മുതല്‍ 2025 നവംബര്‍ 7 വരെ പോലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മൊത്തം കുറ്റവാളികളുടെ എണ്ണം 259 ആയി. മനുഷ്യാവകാശ ലംഘനത്തിനും കുറ്റവാളികളെ മതടിസ്ഥാനത്തില്‍ ലക്ഷ്യം വച്ച് കൊലചെയ്യുന്നതിനുമെരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2017 മാര്‍ച്ച് മുതല്‍ ഉത്തര്‍പ്രദേശ് പോലീസ് 15,000ത്തിലധികം ഏറ്റുമുട്ടലുകളില്‍ നടന്നു, ഇതില്‍ 259 കുറ്റവാളികള്‍ കൊലചെയ്യപ്പെടുകയും 10,000ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending