റോം: കാല്‍ നൂറ്റാണ്ടു കാലത്തെ കളി ജീവിതത്തിന് ശേഷം ഇറ്റാലിയന്‍ ഫുട്‌ബോള്‍ കണ്ട മഹാരഥന്മാരിലൊരാളായ ഫ്രാന്‍സിസ്‌കോ ടോട്ടി ബൂട്ടഴിച്ചു. ഇറ്റാലിയന്‍ ലീഗിലെ അവസാന മത്സരത്തില്‍ ജെനോവയ്‌ക്കെതിരെ ഒരു ഗോളിന് നേടിയ ജയത്തോടെയാണ് ടീം ടോട്ടിക്ക് യാത്രയയപ്പ് നല്‍കിയത്. ക്ലബ് കരിയറില്‍ റോമയ്ക്ക് വേണ്ടി മാത്രമാണ് ടോട്ടി കളിക്കളത്തിലിറങ്ങിയിട്ടുള്ളത്.

അറ്റാക്കിങ് മിഡ്ഫീഡല്‍ഡറും സ്‌ട്രൈക്കറും വിങറുമായി മാറി മാറിക്കളിച്ചിട്ടുള്ള ടോട്ടി സീരി എ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം ക്യാപ്റ്റനാണ്. ഗോള്‍ഡന്‍ ബോയ്, കിങ് ഓഫ് റോം, ദ ഗ്ലാഡിയേറ്റര്‍ എന്നെല്ലാമാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ടോട്ടിയെ വിശേഷിപ്പിച്ചിരുന്നത്. പ്രതിരോധ ഫുട്‌ബോളിന് പേരു കേട്ട ഇറ്റാലിയന്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച രണ്ടാമത്തെ താരവും ടോട്ടിയാണ്.
റോമയുടെ യൂത്ത് ടീമില്‍ മൂന്നു വര്‍ഷം കളിച്ച ശേഷം 16-ാം വയസ്സിലാണ് സീനിയര്‍ ടീമില്‍ ടോട്ടി അരങ്ങേറിയത്. 1993 മാര്‍ച്ച് 28ന് ബ്രസിയക്കെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. 95 മുതല്‍ റോമയുടെ ആദ്യ ഇലവനിലെ സ്ഥിരം അംഗമായി.
1997ല്‍ പത്താം നമ്പറും താരത്തെ തേടിയെത്തി. 2000 യൂറോ കപ്പി്്‌ന്റെ യോഗ്യതാ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയായിരുന്നു ദേശീയ ടീമിനു വേണ്ടിയുള്ള അരങ്ങേറ്റം. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമില്‍ ആന്ദ്രെ പിര്‍ലയ്‌ക്കൊപ്പം അറ്റാകിങ് മിഡ്ഫീല്‍ഡറായിരുന്നു.
ലോകകപ്പ് ജയത്തിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 2008 യൂറോയുടെ യോഗ്യതാ റൗണ്ടില്‍ കളിക്കാന്‍ കോച്ച് റോബര്‍ട്ടോ ഡൊണഡോണി നിര്‍ബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
വന്‍ ആരാധകവൃന്ദമാണ് പ്രിയപ്പെട്ട താരത്തിന് വിട നല്‍കനായി സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയിരുന്നത്. ടോട്ടിയുടെ ഭാര്യയും മക്കളും അവസാന മത്സരത്തിനായി മൈതാനത്തെത്തിയിരുന്നു.