കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍നിന്ന് ബുള്ളറ്റും പണവും കവര്‍ന്ന യുവാവ് അറസ്റ്റില്‍. മലപ്പുറം ഒഴൂര്‍ സ്വദേശി നൗഫലാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 19 നാണ് ഫ്രാന്‍സിസ് റോഡിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം നടന്നത്.

ഷോറൂമിന്റെ വാതില്‍ കുത്തിപൊളിച്ച് അകത്തു കടന്നാണ് ഒരു ലക്ഷത്തി അറുപതിനായിരം രൂപയും ബുള്ളറ്റും മോഷ്ടിച്ചത്. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ചാണ് നൗഫല്‍ അറസ്റ്റിലായത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസന്വേഷണം.

പെരിന്തല്‍മണ്ണ ഷോറൂമിലും സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. മോഷണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയാണ് കോഴിക്കോട് ഷോറൂമില്‍ മോഷണം നടത്തിയത്. കൃത്യമായ സൂചന പൊലിസിനു ലഭിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രൂപമാറ്റംവരുത്തിയാണ് ഇയാള്‍ പിന്നീട് യാത്ര ചെയ്തത്.

മോഷ്ടിച്ച പണം ആര്‍ഭാഡജീവിതത്തിനായി ഉപയോഗിച്ചു വരുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ബുള്ളറ്റ് സൂക്ഷിച്ച സ്ഥലം ഇയാള്‍ പൊലിസിന് കാണിച്ചുകൊടുത്തു. ടൗണ്‍ സി ഐ ഉമേഷായിരുന്നു കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.