ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത്. ആയിരത്തിന് പകരമായാണ് രണ്ടായിരം നോട്ട്. 500ന്റെ പഴയ നോട്ടിന് പകരം പുതിയ നോട്ടാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 500ന്റെ നോട്ട് വ്യാപകമല്ലെങ്കിലും 2000ത്തിന്റെ നോട്ട് ഒരു വിധം എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്.

അതേസമയം പുതിയ രണ്ടായിരത്തിന്റെ നോട്ടും സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം ജൂണോടെ പിന്‍വലിച്ചേക്കുമെന്നാണ് വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിയാസാറ്റ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. 500ന്റെ നോട്ട് വ്യാപകമായി അച്ചടിച്ചിട്ടില്ല. രണ്ടായിരത്തിന്റെ നോട്ട് 500നെക്കാളും കൂടുതലുമാണ്. എന്നാല്‍ ചില്ലറ പ്രശ്‌നം മുന്‍നിര്‍ത്തി ആരും 2000 സ്വന്തമാക്കുന്നില്ല.

രണ്ടായിരത്തിന്റെ നോട്ടുകള്‍ കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടടിക്കാര്‍ക്കും പണി എളുപ്പത്തിലാകുമെന്നും ഇത് സാമ്പത്തിക രംഗത്തെ പിന്നോട്ടടിപ്പിക്കുമെന്നും സര്‍ക്കാറിനെ ധനകാര്യ വിദഗ്ധര്‍ അറിയിച്ചതിന്റെ പശ്ചാതലത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനകം തന്നെ രണ്ടായിരത്തിന്റെ നോട്ടുകളടങ്ങിയ അനധികൃത പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
ചില്ലറക്കായി ബാങ്കുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുകയാണ് ജനം. ഡിസംബര്‍ അവസാനത്തോടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ്‌ മോദിയും കേന്ദ്രമന്ത്രിമാരും വ്യക്തമാക്കുന്നത്.


Don’t miss: 2000-ന്റെ നോട്ട് ചില്ലറയാക്കാനാവുന്നില്ല: ബാങ്ക് ജീവനക്കാരെ നാട്ടുകാര്‍ ബന്ദികളാക്കി