ഡല്‍ഹി: പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ തള്ളിക്കളഞ്ഞ് ലോക്‌സഭ അംഗീകരിച്ച കാര്‍ഷിക ബില്ലിനെതിരെ ആര്‍എസ്എസിന്റെ കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബി.കെ.എസ്) രംഗത്ത്. ബില്ലുകള്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രസ്താവിച്ച് ഘടകകക്ഷിയായ ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ആര്‍എസ്എസിന്റെ കര്‍ഷകസംഘടനയും ബില്ലുകള്‍ക്കെതിരെ പ്രതിഷേധവുമായെത്തി എത്തിയത്.

കോര്‍പറേറ്റ് സ്വഭാവമുള്ളവയാണ് കാര്‍ഷിക ബില്ലുകളെന്നും ഭാവിയില്‍ കര്‍ഷകരുടെ ജീവിതം സങ്കീര്‍ണമാക്കാന്‍ പര്യാപ്തമാണ് ഇവയെന്നും ബി.കെ.എസ്. ജനറല്‍ സെക്രട്ടറി ബദ്രി നാരായണ്‍ ചൗധരി അഭിപ്രായപ്പെട്ടു. പുതിയ ബില്ലുകള്‍ കര്‍ഷക സൗഹാര്‍ദപരമല്ലെന്നും ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചൗധരി വ്യക്തമാക്കി.

കര്‍ഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി വേണ്ട ഭേദഗതി ബില്ലുകളില്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും അക്കാര്യം പരിഗണിക്കാമെന്നുള്ള ഉറപ്പ് ലഭിച്ചിരുന്നതായും ചൗധരി പറഞ്ഞു. പക്ഷെ ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഈ ആവശ്യം പ്രതിഫലിച്ചിരുന്നില്ല. ബില്ലുകള്‍ രാജ്യസഭയുടെ മുന്നിലെത്തുമ്പോള്‍ കര്‍ഷകര്‍ക്കനുകൂലമായ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ഷകരുടെ പ്രതിഷേധത്തിന് ബി.കെ.എസിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ചൗധരി വ്യക്തമാക്കി.