X

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ; ഇന്ധന വിലയിലും വര്‍ദ്ധന

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായി മൂല്യ തകര്‍ച്ച നേരിടുന്ന രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ന് നേരിട്ടത്. വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.37 ആയി താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ ചാഞ്ചാട്ടമാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വില 84 ഡോളര്‍ കടന്നതും സാമ്പത്തിക മേഖയിലെ കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ്ണ പരാജയവുമാണ് രൂപയുടെ മൂല്യം വീണ്ടും ഇടിച്ചത്.

വ്യാപാരം തുടങ്ങുമ്പോള്‍ ഡോളറിനെതിരെ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാല്‍ ഉച്ചയായതോടെ 74 കടന്ന രൂപ പിന്നീട് 74.37ക്ക് കൂപ്പുകുത്തുകയായിരുന്നു.

ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുന്‍പ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം. ഇറക്കുമതിക്കാര്‍ ഡോളര്‍ കൂടുതലായി ആവശ്യപ്പെടാന്‍ തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിച്ചു. ഇതിനു പുറമെ ആഗോള സാമ്പത്തിക വളര്‍ച്ച നിരക്കില്‍ 2016നു ശേഷം ഇതാദ്യമായി ഐ.എം.എഫ് കുറവ് വരുത്തിയതും രൂപയെ പ്രതികൂലമായി ബാധിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ 0.1 ശതമാനത്തിന്റെ കുറവോടെ 7.4 ശതമാനമായിരിക്കുമെന്നാണഅ ഐ.എം.എഫ് പ്രവചനം. രൂപയുടെ മൂല്യത്തകര്‍ച്ചക്കു പിന്നാലെ രാജ്യത്ത് ഇന്ധന വിലയിലും വര്‍ദ്ധനയുണ്ടായി.

2018 വര്‍ഷത്തില്‍ രൂപയുടെ മൂല്യത്തില്‍ 13.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കറന്‍സികളുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യയുടെ രൂപയില്‍ നടക്കുന്നത്.

chandrika: