പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശില്‍ നിന്നുള്ള സ്ത്രീകളെ അയ്യപ്പധര്‍മ്മസേനയുടെ പ്രവര്‍ത്തകന്‍മാര്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ശരണപാതവരെ ഇവരെ എത്തിച്ച ശേഷം പൊലീസ് പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് വന്ന അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിയതെന്നാണ് സൂചന. എന്തുകൊണ്ടാണ് തിരിച്ചുപോയതെന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായില്ല.

മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്നാണ് ഡി.ജി.പി രാവിലെ പറഞ്ഞത്. എന്നാല്‍ പൊലീസ് നിയന്ത്രണം നഷ്ടപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ സന്നിദ്ധാനത്തും പമ്പയിലും പത്തനംതിട്ടയിലുമുള്ളത്. ദര്‍ശനത്തിനെത്തിയ സ്ത്രീയ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇവരെ പൊലീസ് വാഹനത്തില്‍ അവിടെ നിന്നും മാറ്റുകയായിരുന്നു.

പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് പ്രതിഷേക്കാര്‍ ഒഴുകിയെത്തുന്നത്. രാവിലെ പൊലീസ് പൊളിച്ചുനീക്കിയ സമരപന്തല്‍ പ്രതിഷേധക്കാര്‍ പുനഃസ്ഥാപിച്ചു. പൊലീസ് അഴിച്ചുമാറ്റിയ പന്തല്‍ വീണ്ടും കെട്ടുന്നതിന് പൊലീസ് കാവല്‍നില്‍ക്കുന്നതാണ് നിലക്കലില്‍ സംഭവിച്ചത്.