മലപ്പുറം: ലിംഗനീതിയാണ് ലക്ഷ്യമെങ്കില്‍ അതിന് ഏക സിവില്‍കോഡ് നടപ്പാക്കുകയല്ല വേണ്ടതെന്ന് കവി പ്രഫ. കെ സച്ചിദാനന്ദന്‍. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പിറ്റ്‌സ (പ്ലാറ്റ്‌ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്‌സ് ആന്റ് സോഷ്യല്‍ ആക്ഷന്‍) സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും ഏതെങ്കിലും ഒരു മതത്തില്‍ മാത്രമല്ല. ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങളും ബഹുഭാര്യത്വവും മുസ്്‌ലിംകള്‍ക്കിടയില്ല. ഈ രീതിയില്‍ പ്രചാരണം നടത്തി ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലിംഗ സമത്വത്തിനായി എല്ലാ വ്യക്തി നിയമങ്ങളെയും ഒന്നിലേക്ക് സ്വാംശീകരിക്കുകയല്ല വേണ്ടത് മറിച്ച് പുതിയ കാലത്തിനനുസരിച്ച് വ്യക്തിനിയമങ്ങളെ സ്വത്വം നഷ്ടപ്പെടുത്താതെ നവീകരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നവ ഹിന്ദുത്വ അജണ്ടയുടെ ആദ്യത്തെ ഇരയാണ് മുസ്്‌ലിംകള്‍. നാസികളുടെ നേര്‍പതിപ്പായി ഹിന്ദുത്വ വാദികള്‍ മാറിയിരിക്കുന്നു. വൈവിധ്യങ്ങളെ ഭയപ്പെടുകയും പ്രതിഷേധങ്ങളെ ഗൂഢാലോചനയായി കാണുകയും ജനങ്ങളെ ഏകശിലയുമായി കാണുകയും ചെയ്യുന്ന ഫാസിസ്റ്റ് ലക്ഷണങ്ങള്‍ പ്രകടമാകുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ന് നിലനില്‍ക്കുന്നത്. മുസ്‌ലിംകളെ അപരവത്കരിക്കുന്നത് കേവലം ഇസ്‌ലാമിനെതിരെയുള്ള ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിന്റ അപചയവുമായി ബന്ധപ്പെടുത്തി കാണണം.

ആധുനിക സംവാദാത്മക സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യന്റെയും പ്രശ്‌നമാണ്. വിഭജനവും കൊളോണിയലിസവുമാണ് ഇസലാം ഭീതിയുടെ ആദ്യ ഘട്ടം. ഹൈന്ദവതയെന്നത് മതമല്ലെന്ന് മനസ്സിലാക്കാതെ പിറവി കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും ജനാധിപത്യം ഭൂരിപക്ഷവാദമായി പരിവര്‍ത്തിക്കപ്പെട്ടതോടെ ഇസ്‌ലാം ഭീതിയുടെ വളര്‍ച്ച പതിന്മടങ്ങായി.

ഏകമത, ഏകവംശ, ഏക സംസ്‌കാര, ഏകഭാഷാ, ഏകരാഷ്ട്ര സങ്കല്‍പത്തെ വളര്‍ത്തി ജനാധിപത്യത്തിന്റെ ചട്ടക്കൂട് മാത്രം ബാക്കിയാക്കി അകം കാര്‍ന്നുതിന്ന് ജനാധിപത്യത്തെ ശൂന്യമാക്കുന്ന ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ജനങ്ങളില്‍ നിന്ന് ഭരണകൂടത്താല്‍ അന്യവത്ക്കരിക്കപ്പെട്ട അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ ജനാധിപത്യം യാഥാര്‍ഥ്യമാകു. ആ തരത്തിലുള്ള ശ്രമങ്ങളാണ് ഇന്ന്് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഒരു സമുദായത്തെ സാമൂഹിക വൃത്തത്തില്‍ നിന്ന് പുറത്താക്കുന്ന സാമൂഹികപരമായ ആശങ്കയാണ് ഇസ് ലാം ഭീതിയെന്നും അത് അപകടകരമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന്് നടന്ന ‘എന്തു കൊണ്ട് മുസ്‌ലിംകള്‍ ഇരകളാക്കപ്പെടുന്നു’ സെഷനില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംകള്‍ ഭീകരവാദികളാക്കി ചിത്രീകരിക്കുകയും ഇരകളാക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന്് അദ്ദേഹം പറഞ്ഞു. സി.കെ അബ്ദുല്‍അസീസ്, ടി.ടി. ശ്രീകുമാര്‍, മൃദുല എസ്, ഡോ.ഫൈസല്‍ മാരിയാട്, സി.എച്ച് അബ്ദുല്‍ലത്തീഫ്, പി.എ റഷീദ്, എ.കെ അബ്ദുല്‍മജീദ് പ്രസംഗിച്ചു.
മാധ്യമങ്ങളും അപനിര്‍മിതികളും സെഷനില്‍ ഡോ. എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിഖില ഹെന്‍ട്രി, എന്‍.പി ചെക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഡോ. സുബൈര്‍ ഹുദവി, ഡോ. അമീന്‍ദാസ് പ്രസംഗിച്ചു. ചിന്ത് ഇശല്‍ ആലാപനസദസ്സില്‍ പ്രഫ. എം.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ എളേറ്റില്‍, ഹക്കീം പുല്‍പ്പറ്റ, അജ്മല്‍, മുകേഷ്, അസ്ഹദ് പൂക്കോട്ടൂര്‍, സുല്‍ഫ മഞ്ചേരി പങ്കെടുത്തു. ഇഖ്ബാല്‍ എറമ്പത്ത് , ടി. റിയാസ് മോന്‍ പ്രസംഗിച്ചു.