തിരുവനന്തപുരം: ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ വിജി ഹര്‍ജി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു.

സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളോടൊപ്പം മരണം വരെ സമരം ചെയ്യുമെന്നും സനലിന്റെ ഭാര്യ വിജി നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാല്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്റെ സഹോദരിയും പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്റെ ഭാര്യക്ക് ജോലിയും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സനലിന്റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടങ്ങാനാണ് പദ്ധതി.