ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വലിയ ആശങ്കയുണ്ടാക്കിയ സംഭവമാണ് ട്രാക്കില്‍ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇന്ന് രാവിലെ എറണാകുളം ആലപ്പുഴ മെമു ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളാണ് ഈ മനുഷ്യാവശിഷ്ടം കണ്ടെത്തിയത്. രാവിലെ ഏകദേശം ഒമ്പത് മണിയോടെ എറണാകുളത്ത് നിന്ന് ആലപ്പുഴയില്‍ എത്തിയ മെമു ട്രെയിന്‍ പരിശോധിക്കുമ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിനിന്റെ അടിഭാഗത്ത് എവിടെയെങ്കിലും കുടുങ്ങിയ നിലയില്‍ നിന്ന് ട്രാക്കിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്നു റെയില്‍വേ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. രണ്ടുമുതല്‍ മൂന്നുദിവസം പഴക്കമുള്ളതായാണ് കണ്ടെത്തിയ അവശിഷ്ടത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍. ആലപ്പുഴ,കൊല്ലം,കോട്ടയം,ഷോര്‍ണൂര്‍,എറണാകുളം,ആലപ്പുഴ എന്നിങ്ങനെ പല ജില്ലകളിലൂടെയും സര്‍വീസ് നടത്തുന്ന മെമു ട്രെയിനാണിത്. അതിനാല്‍ മനുഷ്യാവശിഷ്ടം മറ്റ് ജില്ലകളില്‍ നടന്ന അപകടത്തിന്റെ ഭാഗമായിരിക്കാമെന്ന സാധ്യതയും ഒഴിവാക്കിയിട്ടില്ല. വിവിധ ജില്ലകളുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. മൃതശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ ട്രാക്കില്‍ എവിടെയെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. തിരിച്ചറിയലിന് ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.