തിരുവനന്തപുരം: എ.ഐ.സി.സി പ്രതിനിധിയായി കേരളത്തിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗം കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്നു. ജനവികാരം അറിഞ്ഞുള്ള പ്രകടനപത്രികയാണ് യു.ഡി.എഫ് പുറത്തിറക്കുകയെന്ന് സമിതി ചെയര്‍മാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണപത്രിക തയാറാക്കാനും യുവാക്കളുംവിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താനും ശശി തരൂര്‍ എം.പിയെ യോഗം ചുമതലപ്പെടുത്തി.

പ്രകടനപത്രികയ്ക്ക് രൂപംനല്‍കുന്നതിനായി തരൂര്‍ കേരളമാകെ പ്രചരണം നടത്തും. കേരളരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ശശിതരൂരിനെ തിരിച്ചുകൊണ്ടുവരികകൂടിയാണ് ഇതിലൂടെ തെരഞ്ഞെടുപ്പ് സമിതി ലക്ഷ്യമിടുന്നത്. ഓരോമണ്ഡലത്തിലും വിജയസാധ്യതനോക്കിയായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുക.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യയാത്രക്ക് അതാത് ജില്ലകളിലെ എം.പിമാരെ ചുമതലപ്പെടുത്തി. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയ്ക്കും മലപ്പുറത്ത് അഡ്വ ടി സിദ്ദീഖിനും വയനാടും ആലപ്പുഴയിലും കെ.സി വേണുഗോപാലിനുമായിരിക്കും ചുമതല. യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അനൗദ്യോഗികമായി നടന്നുവരികയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിലെ എം.പിമാര്‍, എം.എല്‍.എമാര്‍, യു.ഡി.എഫ് ഘടകകക്ഷിനേതാക്കള്‍ എന്നിവരുമായി ഗഹ്ലോട്ടും സംഘവും ചര്‍ച്ചനടത്തി.