X

വിജയത്തുടര്‍ച്ചക്ക് സഊദി; കന്നി ജയം തേടി പോളണ്ട്

ലോകകപ്പ് ഗ്രൂപ്പ് സിയിലെ പോയിന്റ് ടേബിള്‍ നോക്കുക…. അര്‍ജന്റീനയും പോളണ്ടും മെക്‌സിക്കോയും കളിക്കുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍ സഊദിക്കാര്‍. ഈ ഗ്രൂപ്പിലെ സവിശേഷത എല്ലാ വന്‍കരക്കാരുമുണ്ടെന്നത് തന്നെയാണ്. മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ആരും ഒരു സാധ്യതയും കല്‍പ്പിക്കാത്ത ടീമായിരുന്നല്ലോ സഊദി. ഇന്ന് റിയാദ്, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള എല്ലാ സഊദി എയര്‍ലൈന്‍സ് വിമാനങ്ങളും ദോഹയിലേക്കാണെന്നാണ് റിപ്പോര്‍ട്ട്.

മല്‍സര ടിക്കറ്റുള്ള മുഴുവന്‍ സഊദിക്കാരും ഇന്ന് എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലെത്തും. ആദ്യ മല്‍സര വിജയം നല്‍കിയ ആവേശത്തിലാണ് വലിയ രാജ്യം മുഴുവന്‍. പോളണ്ടിന് ഒരു പോയിന്റാണ് സമ്പാദ്യം. റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയുടെ ടീമിന് വിജയിക്കണം. 2006 ലാണ് അവസാനമായി ഇരു ടീമുകളും മുഖാമുഖം വന്നത്. അന്ന് 2-1 ന് പോളണ്ട് ജയിച്ചിരുന്നു. യൂറോപ്പിനെതിരെ ലോകകപ്പില്‍ സഊദിക്ക് മെച്ചപ്പെട്ട റെക്കോര്‍ഡില്ല. പത്ത് മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ഒമ്പതിലും തോല്‍വിയായിരുന്നു. 1994 ലെ ഐതിഹാസിക പോരാട്ടത്തില്‍ സയ്യിദ് ഉവൈറാന്റെ കരുത്തില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് തോല്‍പ്പിച്ചത് മാത്രമായിരുന്നു വലിയ നേട്ടം. പക്ഷേ സഊദിക്കാരുടെ ആത്മവിശ്വാസമെന്നത് അവസാന രണ്ട് ലോകകപ്പ് മല്‍സരങ്ങളില്‍ ജയിക്കാനായി എന്നതാണ്.

റഷ്യന്‍ ലോകകപ്പില അവസാന മല്‍സരത്തിലവര്‍ ഈജിപ്തിനെ വീഴ്ത്തിയിരുന്നു. ഇവിടെ അര്‍ജന്റീനക്കാരെയും തോല്‍പ്പിച്ചു. വര്‍ധിതമായ ഈ ആത്മവിശ്വാസത്തില്‍ ഇന്ന് ലെവന്‍ഡോസ്‌കി സംഘത്തെ കീഴ്‌പ്പെടുത്താനായാല്‍ ചരിത്രത്തില്‍ ഇടം നേടാം. പോളണ്ട് ടീമിന് ലോകകപ്പില്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മല്‍സരം ജയിക്കണം.

 

web desk 3: