ദഹ്‌റാന്‍: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സഊദി അരാംകൊയുടെ വന്‍കിട എണ്ണ വ്യവസായ പദ്ധതികള്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു. ദഹ്‌റാനില്‍ അരാംകൊ നിര്‍മിച്ച കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററും രാജാവ് ഉദ്ഘാടനം ചെയ്തു.

പ്രതിദിനം ഒമ്പത് ലക്ഷം ബ യാമ്പു അരാംകൊ സിനോപെക് റിഫൈനിംഗ് കമ്പനി (യാസ്‌റഫ്), സഊദി അരാംകൊ ടോട്ടല്‍ റിഫൈനിംഗ് ആന്റ് പെട്രോകെമിക്കല്‍ കമ്പനി (സാറ്റോര്‍പ്) എന്നീ സംയുക്ത പദ്ധതികള്‍ക്ക് കീഴിലെ റിഫൈനറികള്‍ക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ മനീഫ പദ്ധതിയില്‍നിന്നു ലഭ്യമാക്കും. പ്രാദേശിക, ആഗോള തലത്തില്‍ വര്‍ധിച്ചു വരുന്ന എണ്ണയാവശ്യം നേരിടുന്നതിനും ആഗോള എണ്ണ വിപണിയിലെ വിഹിതം നിലനിര്‍ത്തുന്നതിനും മനീഫ എണ്ണപ്പാടത്തെ ഉല്‍പാദനശേഷി വര്‍ധിപ്പിച്ചതിലൂടെ സാധിക്കും.

വാസിത് ഗ്യാസ് പ്ലാന്റും സല്‍മാന്‍ രാജാവ് ഇന്നലെ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഗ്യാസ് സംസ്‌കരണ ശേഷി ഉയര്‍ത്താന്‍ പദ്ധതി സഹായിക്കും. ദിവസവും രണ്ടര ബില്യണ്‍ ക്യുബിക് അടി ഗ്യാസ് സംസ്‌കരിക്കാന്‍ ശേഷിയുളള പ്ലാന്റാണ് നിര്‍മിച്ചിരിക്കുന്നത്. ദിവസവും 1.7 ബില്യണ്‍ ക്യുബിക് അടി ഗ്യാസ് സഊദി അരാംകൊയുടെ പ്രധാന ഗ്യാസ് പൈപ്പ്‌ലൈനില്‍ എത്തിക്കുന്നതിന് വാസിത് പ്ലാന്റിന് സാധിക്കും. രാജ്യത്ത് പെട്രോകെമിക്കല്‍, വ്യവസായ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാക്കുന്നതിനും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി വഴിവെക്കും.
ഖുറൈസ് ഓയില്‍ ഫീല്‍ഡ് വികസന പദ്ധതിയാണ് സല്‍മാന്‍ രാജാവ് ഇന്നലെ ഉദ്ഘാടനം ചെയ്ത മറ്റൊരു പ്രധാന പദ്ധതി. ഖുറൈസ് വികസന പദ്ധതി പൂര്‍ത്തിയാക്കിയതോടെ പ്രതിദിനം എണ്ണ ഉല്‍പാദന ശേഷി 12 ദശലക്ഷം ബാരലായി ഉയര്‍ത്തുന്നതിന് അരാംകൊക്കു കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ വിതരണക്കാരെന്ന പദവി നിലനിര്‍ത്തുന്നതിന് ഖുറൈസ് ഓയില്‍ഫീല്‍ഡ് വികസന പദ്ധതി സഊദി അറേബ്യയെ സഹായിക്കും. 2009 ജൂണിലാണ് ഖുറൈസ് പദ്ധതിയില്‍ എണ്ണയുല്‍പാദനം ആരംഭിച്ചത്.

ഖുറൈസ് പദ്ധതിയുടെ പ്രതിദിന ഉല്‍പാദന ശേഷി 12 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ്. വാതക സംസ്‌കരണത്തിനുള്ള മറ്റൊരു പ്ലാന്റും ഇവിടെയുണ്ട്. എഴുപതിനായിരം ബാരല്‍ സാന്ദ്രീകൃത വാതകവും 42 കോടി ക്യുബിക് അടി പ്രകൃതി വാതകവും ഉല്‍പാദിപ്പിക്കുന്നതിന് പ്ലാന്റിന് ശേഷിയുണ്ട്. മുന്നൂറിലേറെ എണ്ണ, പ്രകൃതി വാതക കിണറുകള്‍ ഖുറൈസില്‍ കുഴിച്ചിട്ടുണ്ട്.
റുബ്ഉല്‍ഖാലി മരുഭൂമിയിലെ അല്‍ശൈബ എണ്ണപ്പാട വികസന പദ്ധതിയും സല്‍മാന്‍ രാജാവ് ഇന്നലെ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജനവാസ കേന്ദ്രത്തില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരെയാണ് അല്‍ശൈബ എണ്ണപ്പാടം.

വികസന പദ്ധതി നടപ്പാക്കിയതിലൂടെ അല്‍ശൈബ പദ്ധതിയുടെ പ്രതിദിന ഉല്‍പാദന ശേഷിയില്‍ രണ്ടര ലക്ഷം ബാരലിന്റെ വര്‍ധനവുണ്ടായി. ഇതോടെ അല്‍ശൈബ പദ്ധതി പ്രദേശത്തെ പ്രതിദിന ഉല്‍പാദനം പത്ത് ലക്ഷം ബാരലായി ഉയര്‍ന്നു. 1998 ല്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അഞ്ച് ലക്ഷം ബാരലായിരുന്നു ഉല്‍പാദന ശേഷി. പലഘട്ടങ്ങളിലായി നടപ്പാക്കിയ വികസന പദ്ധതിയിലൂടെ ഉല്‍പാദന ശേഷി ഇരട്ടിയായി ഉയര്‍ന്നു.

അല്‍ ശൈബയില്‍ വാതകം വേര്‍തിരിച്ചെടുക്കുന്നതിനുള്ള പുതിയ പ്ലാന്റും അരാംകൊ ആരംഭിച്ചിട്ടുണ്ട്. 2015 അവസാനത്തില്‍ ഇത് പ്രവര്‍ത്തിച്ച് തുടങ്ങി. പ്രതിദിനം 2.4 ബില്യണ്‍ ക്യുബിക് അടി പ്രകൃതി വാതകവും ഈഥെയ്ന്‍ അടങ്ങിയ രണ്ടേമുക്കാല്‍ ലക്ഷം ബാരല്‍ പ്രകൃതി വാതകവും ഉല്‍പാദിപ്പിക്കുന്നതിന് പ്ലാന്റിന് ശേഷിയുണ്ട്. അരാംകൊ സഊദി സമൂഹത്തിന് നല്‍കുന്ന ഏറ്റവും വലിയ ഉപഹാരമാണ് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര കള്‍ച്ചറല്‍ സെന്ററെന്ന് ഊര്‍ജ, വ്യവസായ വകുപ്പു മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.